ഉള്ളൂർ: കുഞ്ഞുങ്ങളിൽ ജന്മനാ കണ്ടുവരുന്ന കാൽപ്പാദത്തിന്റെ വളവ് മാറ്റുന്ന പോൺസെറ്റി ടെക്നിക് എന്ന ചികിത്സയ്ക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രചാരമേറുന്നു. ഈ ചികിത്സയ്ക്കായി അസ്ഥിരോഗവിഭാഗത്തിൽ എത്തുന്ന രോഗികളുടെ എണ്ണവും വർദ്ധിക്കുകയാണ്.
കുഞ്ഞ് ജനിച്ച് ഒരാഴ്ച മുതൽ അഞ്ചു വയസുവരെ നീണ്ടു നിൽക്കുന്ന ചികിത്സാ രീതിയാണ് മെഡിക്കൽ കോളേജിൽ അവലംബിക്കുന്നത്. കാൽപ്പാദത്തിന്റെ വളവ് അഥവാ ക്ലബ്ഫൂട്ട് എന്ന അവസ്ഥയിലുള്ള കുട്ടികൾക്കാണ് ചികിത്സ നൽകിവരുന്നത്. സൗജന്യമായി ചികിത്സ ലഭ്യമാകുന്നതിനാൽ ഇത്തരം വൈകല്യമുള്ള കുഞ്ഞുങ്ങളെ രക്ഷിതാക്കൾ ചികിത്സയ്ക്കായി കാലതാമസമില്ലാതെ കൊണ്ടുവരുന്നുണ്ട്. ഇരട്ടക്കുട്ടികൾ, ഗർഭാശയ മുഴ, ഫ്ളൂയിഡിന്റെ കുറവ്, അമ്മയുടെ ഗർഭാശയത്തിൽ കുഞ്ഞിന് കിടക്കാനുള്ള സ്ഥലക്കുറവ് എന്നിങ്ങനെയുള്ള അവസ്ഥകളിലാണ് കുഞ്ഞിന്റെ കാലിന് വളവുണ്ടാകുന്നതിന്റെ പ്രധാന കാരണങ്ങൾ. ഗർഭാവസ്ഥയിൽ തന്നെ അൾട്രാസൗണ്ട് സ്കാനിംഗ് വഴി കുഞ്ഞിന്റെ ഈ വൈകല്യം കണ്ടെത്താൻ കഴിയും. അതിനാൽ ജനിച്ച് ഒരാഴ്ച കഴിഞ്ഞുടൻ ചികിത്സ ആരംഭിക്കണം.
പ്രവർത്തന സമയം
മെഡിക്കൽ കോളേജ് അസ്ഥിരോഗ വിഭാഗത്തിന്റെ കീഴിൽ തിങ്കൾ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ക്ലബ് ഫൂട്ട് ചികിത്സയുടെ ഒ.പി പ്രവർത്തിക്കും. ഡോ. സാജിദ് ഹുസൈൻ, ഡോ. ശബരി ശ്രീ, ഡോ. ജഗജീവ്, ഡോ. അശോക് രാമകൃഷ്ണൻ, ഡോ. ജോസ് ഫ്രാൻസിസ്, ഡോ. സുധീർ, ഡോ. ജയചന്ദ്രൻ, ഡോ. ബിജു എന്നിവരാണ് ചികിത്സയ്ക്ക് നേതൃത്വം നൽകുന്നത്.
ചികിത്സ ഫലപ്രദം
അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന ക്യൂർ എന്ന സംഘടനയാണ് ഈ ചികിത്സയ്ക്കായി സഹകരിക്കുന്നത്
ചികിത്സയ്ക്കാവശ്യമായ ഷൂസും പ്ലാസ്റ്ററും സൗജന്യമായി നൽകുന്ന ഈ സംഘടന രോഗികൾക്കും ആശുപത്രികൾക്കും വലിയ സഹായമാണ്
കാലിൽ പ്ലാസ്റ്റർ ഇടുന്ന ചികിത്സയിൽ ശസ്ത്രക്രിയ ഒഴിവാകും. എന്നാൽ പ്രായം കൂടുന്നതനുസരിച്ച് ചിലപ്പോൾ ചെറിയ ശസ്ത്രക്രിയ വേണ്ടിവരും.
കൃത്യമായ ഇടവേളകളിൽ നാലോ അഞ്ചോ പ്ലാസ്റ്ററുകൾ കൊണ്ട് കാൽപ്പാദത്തിലെ വളവ് മാറ്റാൻ കഴിയുമെന്നതാണ് ഈ ചികിത്സയുടെ പ്രത്യേകത.
വളവ് മാറ്റിയ കാൽ വീണ്ടും വളയാതിരിക്കാൻ അഞ്ചു വയസുവരെ പ്രത്യേകം തയ്യാറാക്കിയ ഷൂസ് രാത്രികാലങ്ങളിൽ ധരിക്കേണ്ടിവരും.
കഴിഞ്ഞ 10 വർഷത്തിനിടെ ചികിത്സ തേടിയത് 1241 കുട്ടികൾ