വിതുര: വിതുര, തൊളിക്കോട് പഞ്ചായത്തുകളിൽ മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങുന്നതായി പരാതി. വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തില്ലെന്ന് മന്ത്രിയും വകുപ്പ് മേധാവികളും അടിക്കടി പ്രഖ്യാപനം നടത്തുമ്പോഴും പ്രദേശത്ത് ഒരാഴ്ചയായി ഇൗ പ്രതിഭാസം തുടരുകയാണ്. പകലും രാത്രിയിലുമായി മണിക്കൂറുകളോളം വൈദ്യുതി വിതരണം തടസപ്പെടുന്നതുമായി ബന്ധപ്പെട്ട് വൈദ്യുതി ഒാഫീസുകളിൽ പരാതിപ്രളയമാണെങ്കിലും നടപടികളില്ലെന്ന് ആക്ഷേപമുണ്ട്. തൊളിക്കോട് പഞ്ചായത്തിലാണ് വിതുരയെ അപേക്ഷിച്ച് വൈദ്യുതി പ്രതിസന്ധി രൂക്ഷമായിട്ടുള്ളത്. കഴിഞ്ഞ മാസവും ഇതേ അവസ്ഥയുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. ഈ പഞ്ചായത്തുകളിലെ മിക്ക പ്രദേശങ്ങളിലും വൈദ്യുതിലൈനുകൾക്ക് മുകളിൽ റബർ ഉൾപ്പെടെയുള്ള മരങ്ങളുടെ ശിഖരങ്ങൾ അപകടാവസ്ഥയിൽ നിൽക്കുകയാണ്. കാറ്റത്തും മഴയത്തും ശിഖരങ്ങൾ വീണ് ലൈൻപൊട്ടിവീഴുകയും, വൈദ്യുതി വിതരണം നിലക്കുകയുമാണ് പതിവ്. ഇത്തരം മരച്ചില്ലകൾ വെട്ടിമാറ്റണമെന്ന നാട്ടുകാരുടെ ആവശ്യം പരിഗണിക്കാറില്ല.പേപ്പാറ ഡാമിൽ വൈദ്യുതി ഉത്പാദനം തകൃതിയായി നടക്കുമ്പോഴാണ് വൈദ്യുതിക്കായി നാട്ടുകാർ നെട്ടോട്ടമോടുന്നത്. പ്രതിദിനം മൂന്ന് മെഗാവാട്ട് വൈദ്യുതി പേപ്പാറ ഡാമിൽ നിന്നും ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും വൈദ്യുതിക്കായി നാട്ടുകാർ സമരം നടത്തേണ്ട അവസ്ഥയാണ് നിലവിൽ.
ഉപകരണങ്ങൾ കേടാകുന്നു
വൈദ്യുതി വിതരണത്തിലെ വ്യതിയാനം കാരണം പ്രദേശത്തെ വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങൾ കേടാകുന്നുണ്ട്. അടിക്കടി കറണ്ട് വന്നുപോകുന്നത് മൂലം ഫ്രിഡ്ജ്, ഫാൻ, ടി.വി, ലാപ്ടോപ്പ്, കംപ്യൂട്ടർ തുടങ്ങിയ വിലപിടിപ്പുള്ള വൈദ്യുതി ഉപകരണങ്ങളാണ് കേടാകുന്നത്.
കച്ചവടക്കാർ പ്രതിസന്ധിയിൽ
വൈദ്യുതിതടസം പതിവായതോടെ പ്രദേശത്തെ വ്യാപാരിസമൂഹവും പ്രതിസന്ധിയിലായി. ഫ്രിഡ്ജിലും, ഫ്രീസറിലും സൂക്ഷിച്ചിരിക്കുന്ന പാലും ഭക്ഷ്യവസ്തുക്കളും കേടാകുകയാണ്. വൈദ്യുതിവിതരണം സുഗമമാക്കാൻ വൈദ്യുതിവകുപ്പ് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് വ്യാപാരി സമൂഹം ആവശ്യപ്പെടുന്നു.
ആനപ്പാറ മുതൽ കല്ലാർ വരെയുള്ള ഭാഗത്ത് മരങ്ങൾ ഒടിഞ്ഞു വീണ് വൈദ്യുതി തടസം പതിവാകുന്നു
പ്രതികരണം
വിതുര, തൊളിക്കോട് പഞ്ചായത്തുകളിൽ വർദ്ധിച്ചു വരുന്ന വൈദ്യുതി പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കാണണം. സത്വര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കും.
ഫെഡറേഷൻസ് ഒഫ് റസിഡന്റ്സ് അസോസിയേഷൻ,
വിതുര മേഖലാ കമ്മിറ്റി ഭാരവാഹികൾ