മലയിൻകീഴ്: ആരോഗ്യവകുപ്പും മലയിൻകീഴ് പഞ്ചായത്തും ചേർന്ന് മലയിൻകീഴ് ജംഗ്ഷനിലുള്ള ഹോട്ടൽ,ബേക്കറി,കോഴിക്കട എന്നിവിടങ്ങളിൽ റെയ്ഡ് നടത്തി.വൃത്തി ഹീനമായ സാഹചര്യത്തിൽ പാചകം ചെയ്യുന്ന ആഹാര സാധനങ്ങളും പഴകിയ ആഹാരവും കണ്ടെത്തി. ഇന്നലെ രാവിലെ 11 മുതൽ ആരംഭിച്ച റെയ്ഡ് ഉച്ചവരെ നീണ്ടു.
ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എസ്.ശ്രീകാന്ത്,ഹെൽത്ത് ഇൻസ്പെക്ടർ നാരായണൻ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ മനോജ് സാം,ആനന്ദ്കുമാർ,ഷാജിതാബീവി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. റെയ്‌ഡിൽ ക്ഷേത്രം ജംഗ്ഷനിലെ ഹോട്ടലിലെ അടുക്കളയിൽ നിന്ന് പാറ്റ ഉൾപ്പെടെയുള്ള ജീവികളെ കണ്ടെത്തി. കൂടാതെ വൃത്തിഹീനമായ ഹോട്ടലിന്റെ അടുക്കള നവീകരിച്ചില്ലെങ്കിൽ പൂട്ടുമെന്ന്
ഹോട്ടൽ ഉടമയ്ക്ക് നിർദ്ദേശവും നൽകി. ബേക്കറികളിൽ നിന്ന് പഴകിയ പാൽ,പാൽഉത്പന്നങ്ങൾ എന്നിവ കണ്ടെത്തി.
മിൽക്ക് ഷേക്ക്,വിവിധ പാൽ ജൂസുകൾ എന്നിവ നിർമ്മിക്കുന്നത് പഴകിയ പാൽകൊണ്ടാണെന്നും കണ്ടെത്തി.
പഴകിയ പാൽ ഉൾപ്പെടെയുള്ളവ നീക്കം ചെയ്യുകയും നോട്ടീസ് നൽകുകയും ചെയ്തു.
ബിവറേജ് ഔട്ട് ലെറ്റിന് സമീപത്തെ ഹോട്ടലിൽ വൃത്തിയില്ലാതെയാണ് ഭക്ഷണം പാചകം ചെയ്തിരുന്നത്. ലൈസൻസ് പുതുക്കിയില്ലെങ്കിൽ മുന്നറിയിപ്പില്ലാതെ ഈ ഹോട്ടൽ പൂട്ടിക്കുമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. മലയിൻകീഴ്- ഊരൂട്ടമ്പലം റോഡിലെ കോഴിക്കടയിൽ മലിനജലം ഓടയിൽ കെട്ടിക്കിടക്കുന്നതും ദിവസങ്ങൾ കഴിഞ്ഞിട്ടും കോഴി വേസ്റ്റുകൾ മാറ്റാത്തതും കണ്ടെത്തി.പരിസരത്ത് അസഹ്യമായ ദുർഗന്ധവുമുണ്ടായിരുന്നു. ഇറച്ചിക്കട പ്രവർത്തിക്കാനനുവദിക്കില്ലെന്ന നോട്ടീസ് നൽകി. അടുത്തിടെ ഈ ഇറച്ചിക്കട ആരോഗ്യവകുപ്പ് പൂട്ടിയിരുന്നു. വ്യാപാരികളെ ബോധവത്ക്കരിക്കണമെന്ന് മലയിൻകീഴ് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എസ്.ശ്രീകാന്ത് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ജയൻ കെ.പണിക്കരോട് അഭ്യർത്ഥിച്ചു.