ന്യൂഡൽഹി: ഡൽഹിയിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുക്കം നടത്തുന്ന കേജരിവാളിന്റെ 'കളർകോഡ്" എന്തായിരിക്കും?. പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തിലുള്ള ഐ.പി.എ.സി കമ്പനിയാണ് പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ഫെബ്രുവരി 14നാണ് നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്.
പ്രശാന്ത് കിഷോർ ബീഹാറിൽ നിതീഷ് കുമാറിന് നൽകിയ കളർ കോഡ് ചുവപ്പായിരുന്നു. പഞ്ചാബിൽ ക്യാപ്‌ടൻ അമരീന്ദർ സിംഗിന് നീലയും. അതായത് ഇവരുടെ പ്രചാരണ ചിത്രങ്ങളുടെ പശ്ചാത്തലം ഇൗ കളർ കോഡിലുള്ളതായിരിക്കും. പെട്ടെന്ന് ശ്രദ്ധ പിടിച്ചുപറ്റാനും എതിരാളികളുടെ പോസ്റ്ററുകളിൽ നിന്ന് വേറിട്ടുനിൽക്കാനും ഇത് സഹായിക്കും. ആം ആദ്‌മി നേതാവിന്റെ 'കളർ" ഇതുവരെ നിശ്ചയിച്ചിട്ടില്ല. പക്ഷേ, കേജ്‌രിവാളിന്റെ ചിരിക്കുന്ന ചിത്രങ്ങൾ മാത്രം പ്രചാരണത്തിന് ഉപയോഗിച്ചാൽ മതിയെന്ന് തീരുമാനിച്ചിട്ടുണ്ട്. പ്രധാന പ്രചാരണ വാചകവും പുറത്തുവന്നു.
'അച്ഛേ ബീതേ പാഞ്ച് സാൽ
ലഗേ രഹോ കേജരിവാൾ
(കടന്നുപോയത് നല്ല അഞ്ചുവർഷങ്ങൾ. കേജ്‌രിവാൾ വീണ്ടും തുടരട്ടെ) എന്നതാണ് മുദ്രാവാക്യം. ആം ആദ്മി എന്ന വാക്ക് മുഖ്യപ്രചാരണ വാചകത്തിൽ വന്നിട്ടില്ല. കേജ്‌രി വാളിനെയാണ് ഉയർത്തി കാണിക്കുന്നത്. ആം ആദ്മി മാത്രമല്ല സമൂഹത്തിലെ ഇടത്തരക്കാരും ഉന്നതരും വോട്ട് ചെയ്യണം എന്നാണ് ധ്വനി. നല്ല വിദ്യാഭ്യാസം , മികച്ച ആരോഗ്യ രക്ഷ, കുറഞ്ഞ നിരക്കിൽ 24 മണിക്കൂറും വൈദ്യുതി തുടങ്ങിയവ പ്രദാനം ചെയ്ത സർക്കാരിനെ വീണ്ടും അധികാരത്തിലേറ്റണം എന്ന ആവശ്യവുമായാണ് ആം ആദ്മി ജനങ്ങളെ സമീപിക്കുകയെന്ന് ഡെപ്യൂട്ടി മുഖ്യമന്ത്രി സിസോദിയ പറഞ്ഞു. മോദിയെ ഒരു പരിധി കടന്ന് കടന്നാക്രമിക്കുന്ന പ്രസംഗങ്ങളും കേജ്‌രിവാൾ ഒഴിവാക്കിയേക്കും. പതിവു കലാപരിപാടിയായ കുറ്റപ്പെടുത്തൽ പ്രചാരണം ജനങ്ങൾ തള്ളിക്കളയുമെന്ന ഭീതിയാലാണിത്. പ്രചാരണത്തിന്റെ ഭാഗമായി നിയമസഭയുടെ 70 മണ്ഡലങ്ങളിലും ആം ആദ്മി പദയാത്ര സംഘടിപ്പിക്കും. ഡിസം. 24ന് സർക്കാരിന്റെ പ്രോഗ്രസ് കാർഡും പുറത്തിറക്കും.