വിതുര: കെ.എസ്.ആർ.ടി.സി ബസിൽ നിന്നും കളഞ്ഞു കിട്ടിയ പണമടങ്ങിയ ബാഗ് ഉടമയ്ക്ക് നൽകി വിതുര കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഡ്രൈവറും കണ്ടക്ടറും മാതൃകയായി. തിരുവനന്തപുരത്തു നിന്നും വിതുരയ്ക്ക് പുറപ്പെട്ട ബസിൽ കയറിയ നെടുമങ്ങാട് ഇരിഞ്ചയം താന്നിമൂട് സ്വദേശി സുമതിയുടെ പണമടങ്ങിയ ബാഗാണ് യാത്രയ്ക്കിടയിൽ നഷ്ടപ്പെട്ടത്.നെടുമങ്ങാട് ബസിറങ്ങിയ സുമതി ബാഗ് നഷ്ടപ്പെട്ടതായി ചൂണ്ടിക്കാട്ടി ഡിപ്പോയിൽ പരാതി നൽകി. ഇതിനിടയിൽ ബസ് വിതുരയിൽ എത്തിയിരുന്നു. കണ്ടക്ടറും ഡ്രൈവറും ബസ് പരിശോധിച്ചപ്പോൾ സീറ്റിൽ ബാഗ് ഇരിക്കുന്നത് കണ്ടു. ഉടൻ ഡിപ്പോയിൽ ഏൽപ്പിക്കുകയായിരുന്നു.ബാങ്കിൽ അടയ്ക്കുവാൻ കൊണ്ടു വന്ന 26,000 രൂപയാണ് നഷ്ടപ്പെട്ടത്.വിതുര ഡിപ്പോയിൽ എത്തിയ സുമതിക്ക് കൺട്രോളിംഗ് ഇൻസ്പെക്ടറുടെ സാന്നിദ്ധ്യത്തിൽ ഡ്രൈവർ കെ.അശോക് കുമാറും കണ്ടക്ടർ എസ്.അരുണും ചേർന്ന് പണമടങ്ങിയ ബാഗ് മടക്കി നൽകി.