കാട്ടാക്കട: അന്താരാഷ്ട്ര നിലവാരത്തിലേക്കുയരുന്ന പൂവച്ചൽ ഗവ. വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിലെ ബഹുനില മന്ദിരങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കെ.എസ്. ശബരീനാഥൻ എം.എൽ.എയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അഞ്ച് കോടിയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് രണ്ട് ഘട്ടങ്ങളിലായി സ്കൂളിൽ നടക്കുന്നത്. ഒന്നാം ഘട്ടമായി നിർമ്മാണത്തിലിരിക്കുന്ന നാല് ക്ലാസ് റൂമുകളുടെ പ്രവൃത്തികൾ ജനുവരിയോടെ പൂർത്തിയാകും. രണ്ടാം ഘട്ടമായി നിർമ്മിക്കുന്ന പതിനാറ് ക്ലാസ് റൂമുകളും, ഹൈസ്കൂൾ, വി.എച്ച്.എസ്.ഇ, ഹയർ സെക്കൻഡറി വിഭാഗങ്ങൾക്ക് വേണ്ടിയുള്ള ഒൻപത് ലാബും മിനിഹാളും ഉൾപ്പെടുന്ന അക്കാഡമിക് ബ്ലോക്കിന്റ പ്രവൃത്തികൾ ക്രിസ്തുമസ് അവധിക്കാലത്ത് ആരംഭിയ്ക്കുവാനും യോഗത്തിൽ ധാരണയായി. അക്കാഡമിക് ബ്ലോക്കിന്റെ നിർമാണവുമായി ബന്ധപ്പെട്ട് തടസ്സപെടുന്ന എട്ട് ഹൈസ്കൂൾ വിഭാഗം ക്ലാസ്സുകൾക്ക് പകരം സംവിധാനം ഏർപ്പെടുത്തുവാനും തടസ്സമായി നിൽക്കുന്ന പഴയ കെട്ടിടം പൊളിച്ച് മാറ്റുന്നതിനും നിർമ്മാണ പ്രവർത്തനങ്ങൾ എല്ലാ മാസവും എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ വിലയിരുത്തുന്നതിനും യോഗം തീരുമാനിച്ചു.
ഒരു കോടി രൂപ ചെലവഴിച്ച് മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന സ്റ്റേഡിയത്തിന്റെയും ആർ.എം.എസ്.എ യുടെ സഹായത്തോടെ നിർമിക്കുന്ന കെട്ടിടത്തിന്റെയും പ്രവൃത്തികളും യോഗം വിലയിരുത്തി. അവലോകന യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. രാമചന്ദ്രൻ, പി.ടി.എ പ്രസിഡന്റ് പൂവച്ചൽസുധീർ, വൈസ് പ്രസിഡന്റ് സെയ്യദ് കുഞ്ഞ്, ഹെഡ്മിസ്ട്രസ് കെ. ഗീത, പ്രിൻസിപ്പൽ ഇൻചാർജുമാരായ ഡോ. നിഷ. കെ. മോഹൻ, സുചിത്ര, പി.ടി.എ, എസ്.എം.സി, അംഗങ്ങൾ കൈറ്റിന്റെ പ്രതിനിധികൾ, കരാറുകാർ എന്നിവർ
പങ്കെടുത്തു.