കിളിമാനൂർ: മലയാമഠം മണ്ഡപം കുന്ന് തോട് ഇനി മാലിന്യമില്ലാതെ ഒഴുകും. ഹരിത കേരള മിഷന്റെ നേതൃത്വത്തിൽ ഇനി ഞാനൊഴുകട്ടെ പദ്ധതി പ്രകാരം കൈതോടുകൾ ജനകീയ പങ്കാളിത്തതോടെ നവീകരിക്കുന്നതിന്റെ ഭാഗമായാണ് തോട് നവീകരണം ആരംഭിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം ബി. സത്യൻ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രാജലക്ഷ്മി അമ്മാളിന്റെ അദ്ധ്യക്ഷതയിൽ തൊഴിലുറപ്പ് തൊഴിലാളികൾ, ജനപ്രതിനിധികൾ, സന്നദ്ധസംഘടനകൾ എന്നിവർ പങ്കെടുത്തു. ഒരു കാലത്ത് തിരുവനന്തപുരത്തിന്റെ നെല്ലറയായിരുന്ന കിളിമാനൂർ ഏലായിലെ നെൽ കൃഷിക്കും വീട്ടാവശ്യത്തിനുമായി ആശ്രയിച്ചിരുന്നത് മലയാമഠം തോടിനെയായിരുന്നു. ഇപ്പോൾ ചപ്പുചവറുകളും മാലിന്യങ്ങളും കൊണ്ട് നിറഞ്ഞ അവസ്ഥയിലായിരുന്നു. 17 കിലോ മീറ്റർ നീളം വരുന്ന തോട് കിളിമാനൂർ പഞ്ചായത്തിലെ മുളയ്ക്കലത്തുകാവ് മുതൽ മലയാമഠം വഴി പഴയകുന്നുമ്മൽ പഞ്ചായത്തിലെ കിളിമാനൂർ ജംഗ്ഷൻ വരെ നീണ്ടു കിടക്കുന്നു.