തിരുവനന്തപുരം: എം.എൽ.എമാരായ ഷാഫി പറമ്പിലിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനായും കെ.എസ്. ശബരീനാഥനെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായും നിർദ്ദേശിക്കാനുള്ള എ, ഐ ഗ്രൂപ്പ് ധാരണയ്‌ക്കെതിരെ നിലവിലെ സംസ്ഥാന ഭാരവാഹികളടക്കമുള്ളവർ രംഗത്ത്. ജനപ്രതിനിധികളെ താക്കോൽ സ്ഥാനങ്ങളിൽ കയറ്റാനുള്ള നീക്കത്തിനെതിരെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പരാതി നൽകിയതിന് പിന്നാലെ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായിരുന്ന മണക്കാട് രാജേഷ്, ഷിറാസ് ഖാൻ, അജിത് അമീർ ബാവ എന്നിവർ സോണിയഗാന്ധിക്ക് കത്തയച്ചു. കൂടാതെ ഒരുകൂട്ടം കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ സോണിയയ്ക്ക് ഭീമഹർജി നൽകുമെന്നും വിവരമുണ്ട്.
ഇനിയുള്ള ഒരു വർഷം എം.എൽ.എമാർ മണ്ഡലങ്ങളിൽ ശ്രദ്ധിക്കുന്നതാണ് നല്ലതെന്നാണ് ഇവരുടെ അഭിപ്രായം. സംഘടനാതലത്തിൽ കഴിവ് തെളിയിച്ച ധാരാളം പേർ യൂത്ത് കോൺഗ്രസിലും കെ.എസ്.യുവിലുമുണ്ട്. പുതുമുഖങ്ങൾക്ക് നേതൃത്വത്തിലെത്താൻ സാഹചര്യമൊരുക്കണമെന്നും പരാതിയിൽ പറയുന്നു.