tree

വെഞ്ഞാറമൂട്: കഴിഞ്ഞ ദിവസം പുലർച്ചെ ഉണ്ടായ കാറ്റിലും മഴയിലും മരം കടപുഴകി റോഡിന് കുറുകെ വീണ് വൈദ്യുതി വിതരണവും ഗതാഗതവും തടസപ്പെട്ടു. ചക്കക്കാട് വട്ടത്തിപ്പള്ളി മുസ്ലിംപള്ളി അങ്കണത്തിൻ നിന്ന ചാരുമരമാണ് കടപുഴകി വീണത്. വീഴ്ചയുടെ ആഘാതത്തിൽ നാല് വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞതിനെ തുടർന്ന് പ്രദേശത്ത് വൈദ്യുതി വിതരണവും ഗതാഗതവും പൂർണമായും തടസപ്പെട്ടു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വെഞ്ഞാറമൂട് ഫയർഫോഴ്സും കെ.എസ്.ഇ.ബി അധികൃതരും സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ മരം മുറിച്ചു നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. അറ്റകുറ്റപണികൾക്ക് ശേഷമേ പ്രദേശത്ത് വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാൻ കഴിയൂവെന്ന് കെ.എസ്.ഇ.ബി അധികൃതർ പറഞ്ഞു. സീനിയർ ഫയർ ഓഫീസർ അജിത് കുമാർ, ഫയർ ഓഫീസർമാരായ ലിനു, സനൽകുമാർ, ഹോം ഗാർഡ് അരവിന്ദ്.എസ്.കുമാർ എന്നിവരടങ്ങുന്ന സംഘമാണ് മരം മുറിച്ചുനീക്കിയത്.