ബാലരാമപുരം: സ്വാഭാവിക മരണമെന്ന് കരുതിയ വൃദ്ധയുടെ മരണം തുടരന്വേഷണത്തിൽ കൊലപാതകമെന്ന് തെളിഞ്ഞ കേസിൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. പാരൂർക്കുഴി റോഡരികത്ത് വീട്ടിൽ കൗസല്യ മരിച്ച സംഭവത്തിലാണ് വളർത്തു മകൻ അയണിമൂട് റോഡരികത്ത് വീട്ടിൽ അയ്യപ്പൻ (26)​,​ മണ്ണാറമുട്ടം കോളനിയിൽ പിക്കി എന്ന് വിളിക്കുന്ന ദേവകൻ (28),​ സുരേഷ് കുമാർ എന്ന തവക്കള ബാബു (41)​ എന്നിവരെ മരണം നടന്ന വീട്ടിലെത്തിച്ച് ഇന്നലെ തെളിവെടുപ്പ് നടത്തിയത്. വളർത്തുമകനായ അയ്യപ്പൻ 21 വർഷത്തോളമായി കൗസല്യയോടൊപ്പമാണ് താമസം. അയ്യപ്പൻ ശേഖരിച്ച ആക്രികമ്പികൾ വൃദ്ധ വിറ്റതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. കഴിഞ്ഞ സെപ്തംബർ 29 നാണ് അബോധാവസ്ഥയിൽ വൃദ്ധയെ വീട്ടിൽ കാണപ്പെട്ടത്. പിറ്റേന്ന് രാവിലെ മകളും നാട്ടുകാരുമാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്. തലചുറ്റി വീണെന്നാണ് മകൾ ആദ്യം പൊലീസിനെ അറിയിച്ചത്. ഇതിനിടെ വളർത്തുമകനും കൂട്ടാളികളായ രണ്ട് പേരും വീട്ടിൽ വരാതായതോടെ മകൾക്ക് സംശയമേറി. ഒരു മാസത്തോളം മെഡിക്കൽ കോളേജിൽ കൗസല്യ ചികിത്സയിലായിരുന്നെങ്കിലും അബോധാവസ്ഥയിലായിരുന്നതിനാൽ നടന്ന സംഭവങ്ങൾ പറയാൻ സാധിച്ചില്ല. പ്രായാധിക്യവും അബോധാവസ്ഥയിലുമായതിനാൽ തുടർ ചികിത്സ വീട്ടിൽ മതിയെന്ന് ഡോക്ടർ നിർദ്ദേശിച്ചതിനിടെയാണ് വൃദ്ധയുടെ മരണം സംഭവിച്ചത്. ദുരൂഹത തോന്നിയ മകൾ നരുവാമൂട് പൊലീസിൽ വീണ്ടും പരാതി നൽകി. അമ്മയെ അപായപ്പെടുത്തിയതാകാമെന്ന് മൊഴിയും നൽകി. സി.ഐ ധനപാലന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെ വിശദമായ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. ഒരു മാസത്തോളം മുങ്ങിനടന്ന പ്രതികളെ പല ഭാഗത്തും നിന്നും പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് കുറ്റസമ്മതം നടത്തിയത്. തെളിവെടുപ്പിന് ശേഷം പ്രതികളെ കോടതി വീണ്ടും റിമാൻഡ് ചെയ്തു.