kanakaknnju

തിരുവനന്തപുരം :കനകക്കുന്നിൽ പൂക്കളുടെ ഗന്ധം പരത്തി വസന്തോത്സവം പുഷ്‌പമേളയ്ക്ക് തുടക്കമായി. കേരള സഭയോടനുബന്ധിച്ചുള്ള വസന്തോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പുഷ്പമേളയുടെ ടിക്കറ്റിന്റെ ആദ്യ വില്പന മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. മേയർ കെ.ശ്രീകുമാർ,കൗൺസിലർ പാളയം രാജൻ,ടൂറിസം സെക്രട്ടറി റാണി ജോർജ്,ഡയറക്ടർ പി. ബാലകിരൺ,കെ.ടി.ഡി.സി എം.ഡി കൃഷ്ണതേജ,കെ.ടി.ഡി.സി ചെയർമാൻ എം.വിജയകുമാർ എന്നിവർ പങ്കെടുത്തു. രണ്ടാഴ്ചത്തേയ്ക്കാണ് മേള.പൂന്തോട്ട നഗരിയായ ബാംഗ്ലൂരിൽ നിന്നുമാത്രം 20,000 വ്യത്യസ്തയിനം ചെടികൾ മേളയിലുണ്ട്. വനക്കാഴ്ചകളും വനവിഭവങ്ങളുടെ പ്രദർശനവും വിപണനവും മേളയുടെ ഭാഗമാണ്. ഗോത്ര സമുദായങ്ങളിൽ നിലനിൽക്കുന്ന വംശീയ ചികിത്സാ രീതികൾ പരിചയപ്പെടുത്തുന്നതിനായി ഗോത്ര പാരമ്പര്യവൈദ്യ ചികിത്സാ ക്യാമ്പും ഒരുക്കിയിട്ടുണ്ട്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ രുചിക്കൂട്ടുകൾ പരിചയപ്പെടുത്തുന്ന ഭക്ഷ്യമേളയും വസന്തോത്സവത്തിലുണ്ട്. മുതിർന്നവർക്ക് 50 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് പ്രവേശന ഫീസ്.രാവിലെ പത്തുമുതൽ വൈകിട്ട് എട്ടുവരെയാണ് പ്രവേശനം.

കൗതുകമായി പൂക്കളിൽ തീർത്ത സബർമതി

ഗാന്ധിജിയുടെ ഓർമ്മയുണർത്തി പൂക്കളിൽ തീർത്തിരിക്കുന്ന സബർമതി ആശ്രമം കനക്കുന്നിലെ വസന്തോത്സവത്തിൽ ശ്രദ്ധേമാകുന്നു.ഫ്ളോറൽ ഇൻസ്റ്റലേഷനിലൂടെയാണ് സബർമതിയെ ആവിഷ്കരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിൽ ഒരു ഇൻസ്റ്റലേഷൻ സജ്ജീകരിക്കുന്നത്. ബംഗളൂരുവിലെ ലാൽബാഗ് ഗ്ലാസ് ഫ്ളവർ ഇൻസ്റ്റലേഷൻ ചെയ്ത അഗർവാളും സംഘവുമാണ് ശില്പികൾ.മഹാത്മാഗാന്ധിയുടെ 150 ആം ജന്മ വാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തോടുള്ള ആദര സൂചകമായാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.സബർമതി ആശ്രമത്തിലെ ബാപ്പു കുടീറിനെ അനുസ്മരിപ്പിക്കുംവിധം ക്രൈസാന്റിയം പൂക്കളും ചുവന്ന റോസാ പൂക്കളും ഉപയോഗിച്ചാണ് നിർമ്മാണം. ആറുദിവസത്തിലൊരിക്കൽ പഴയ പൂക്കൾ മാറ്റി പുതിയവ സ്ഥാപിക്കും.ആശ്രമാന്തരീക്ഷം സൃഷ്ടിക്കുന്നതിനായി ഗാന്ധി പ്രതിമയും ചുറ്റു വേലിയും പൂന്തോട്ടവും നീർച്ചാലും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.