ramachandra-babu

തിരുവനന്തപുരം: സംവിധായകൻ രാജീവ് നാഥുമായി വർഷങ്ങൾ നീണ്ട സൗഹൃദമാണ് രാമചന്ദ്ര ബാബുവിനുണ്ടായിരുന്നത്. രാജീവ് തണൽ എന്ന സിനിമ സംവിധാനം ചെയ്തപ്പോൾ കാമറാമാനായി നിശ്ചയിച്ചിരുന്നത് രാമചന്ദ്രബാബുവിനെയായിരുന്നു. മറ്റു തിരക്കുകളിലായിരുന്നതിനാൽ അദ്ദേഹത്തിന് അതിന് കഴിഞ്ഞില്ല. വർഷങ്ങൾക്കു ശേഷമാണ് പകൽനക്ഷത്രങ്ങൾ എന്ന സിനിമയ്ക്കുവേണ്ടി രാജീവ്നാഥും രാമചന്ദ്രബാബുവും മോഹൻലാലും ഒന്നിച്ചത്.

മോഹൻലാലിന്റെ കഥാപാത്രവുമായി ബന്ധപ്പെട്ട രസകരമായ ഒരു സംഭവം രാമചന്ദ്രബാബു അടുത്തിടെ പുറത്തിറക്കിയ സെല്ലുലോയ്ഡ് സ്വപ്‌നാടകൻ എന്ന തന്റെ പുസ്തകത്തിൽ പറയുന്നുണ്ട്. അതിങ്ങനെ: മോഹൻലാലിനോട് ആദ്യം കഥയുടെ ത്രെഡ് പറഞ്ഞിട്ടുണ്ടായിരുന്നതേയുള്ളൂ. സ്ക്രിപ്‌റ്റൊന്നും കണ്ടിരുന്നില്ല. ചിത്രീകരണത്തിനെത്തിയപ്പോഴാണ് അതിന്റെ ചില ഭാഗങ്ങൾ ലാൽ വായിച്ചത്. അപ്പോൾ അദ്ദേഹം പറഞ്ഞു: 'ആദ്യം കഥ പറയുമ്പോൾ എനിക്ക് മക്കളൊന്നും ഉണ്ടായിരുന്നില്ലല്ലോ. ഞാനറിയാതെ പിന്നീട് എനിക്കെപ്പഴാ മക്കൾ പിറന്നത്?' ലാലിന്റെ തമാശ കേട്ട് രാജീവ് പൊട്ടിച്ചിരിച്ചു. മോഹൻലാലിന് കുറച്ച് ദിവസം മാത്രമേ ഷൂട്ട് ഉണ്ടായിരുന്നുള്ളൂ. എങ്കിലും ഒരു ദിവസത്തെ ചിത്രീകരണം ബാക്കിയുണ്ടായിരുന്നു. പക്ഷേ, മോഹൻലാലിന് സമയം തീരേയില്ല. അടുത്ത ചിത്രത്തിനുവേണ്ടി അദ്ദേഹം താടി ഷേവ് ചെയ്യുകയാണെന്ന് അറിയിച്ചു. ഇത് കണ്ടിന്യുറ്റിയെ ബാധിക്കും. രാജീവ് ഏറെ വെപ്രാളപ്പെട്ടു. എങ്ങനെയെങ്കിലും ആ ഭാഗങ്ങൾ തീർക്കണം. അവസാനം വിദേശത്തേക്ക് ഷൂട്ടിനായി പോകാനിറങ്ങുന്ന ദിവസം തിരുവനന്തപുരം വിമാനത്താവളത്തിലേക്കു പോകുന്ന വഴിയായ ശംഖുംമുഖത്ത് വച്ച് മോഹൻലാലിനെ കാറിൽനിന്നിറക്കി ആ ഭാഗം ഷൂട്ട് ചെയ്താണ് വിട്ടത്. ഡബ്ബിംഗ് കഴിഞ്ഞശേഷമാണ് ലാൽ സിനിമ മുഴുവൻ കണ്ടത്. 'പൊന്നേ... ഇതെന്താണ് സിനിമ' എന്നുപറഞ്ഞ് രാജീവിനെ ലാൽ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചു. രാജീവ്നാഥിന്റെ മികച്ച സിനിമയായിരുന്നു പകൽനക്ഷത്രങ്ങൾ എന്നും രാമചന്ദ്രബാബു വിലയിരുത്തുന്നുണ്ട്.