തിരുവനന്തപുരം: സാക്ഷരതാ മിഷന്റെ പ്ലസ് ടു തുല്യതാ പരീക്ഷയെഴുതി കോട്ടൺഹിൽ സ്‌കൂളിലെ പരീക്ഷാഹാളിൽ നിന്നും പുറത്തിറങ്ങിയവരെ കാണാൻ വലിയ ജനക്കൂട്ടം. പരീക്ഷയെഴുതിയ രണ്ടു നഗരസഭാ കൗൺസിലർമാരെയും പരീക്ഷാ എഴുതിയ ദമ്പതികളെയും അമ്മയേയും മകളെയുമാണ് എല്ലാവർക്കും കാണേണ്ടത്. പി.ടി.പി വാർഡ് കൗൺസിലർ കോമളകുമാരിയും ഹാർബർ വാർഡ് കൗൺസിലർ നിസാബീവിയുമായിരുന്നു ഇത്തവണ പരീക്ഷയെഴുതിയ കൗൺസിലർമാർ. നഗരസഭയുടെ അക്ഷരശ്രീ പദ്ധതിയുടെ ഭാഗമായി പ്ലസ് ടു തുല്യത പരീക്ഷ എഴുതുന്നവർക്ക് നഗരസഭ സൗജന്യമായി എല്ലാ തയ്യാറെടുപ്പുകളും നൽകിയിരുന്നു. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് അവർ ഒന്നിച്ചാണെത്തിയത്. കോട്ടൺഹിൽ സ്‌കൂളിലെ ഒരേഹാളിൽ പരീക്ഷയെഴുതിയ അവർ വിരലുകൾ കൊണ്ട് വിജയചിഹ്നം കാണിച്ച് വിജയശ്രീലാളിതരായി പുറത്തുവന്നു. ആറു ദിവസം നീളുന്ന പരീക്ഷയുടെ ഒന്നാം ദിവസമായിരുന്നു ഇന്നലെ. ഇംഗ്ലീഷ് പരീക്ഷയെന്ന കടമ്പ പിന്നിട്ടത്തിന്റെ ആത്മവിശ്വാസത്തിലാണ് അവർ.
കുമാരപുരം സ്വദേശിയും പാസ്റ്ററുമായ ബി. സനൽകുമാറും ഭാര്യയും ഒരേ ഹാളിലാണ് പരീക്ഷയെഴുതിയത്. 37കാരനായ സനൽ കുമാർ മെഡിക്കൽ കോളേജ് ഹൈസ്‌കൂളിൽ നിന്നാണ് പത്താംക്ലാസ് പാസായത്. പിന്നീട് വളരെ വർഷങ്ങൾക്ക് ശേഷമാണ് ഉപരിപഠനം ലക്ഷ്യമാക്കി പ്ലസ് ടു തുല്യതാ പരീക്ഷയ്ക്കെത്തിയത്. ഭാര്യ കുഞ്ഞുമോളാകട്ടെ 2008ൽ പത്താം ക്ലാസ് പാസായതാണ്. രണ്ടുപേർക്കും ഒന്നാം ദിനത്തിൽ വിജയപ്രതീക്ഷ തന്നെ. കാട്ടാക്കട മാറനല്ലൂർ കൊറ്രംപള്ളിയിൽ റെജിയും(38) ഭാര്യ രേഖയുമായിരുന്നു (36) പരീക്ഷ എഴുതാനെത്തിയ മറ്രൊരു ദമ്പതികൾ. പത്താംതരം തുല്യതാ പരീക്ഷയുടെ ഭാഗമായി ഇവർക്ക് മലയാളം പരീക്ഷയായിരുന്നു. ഇതേ പരീക്ഷയെഴുതാൻ തൃക്കണ്ണാപുരത്ത് നിന്ന് അമ്മയും മകളും എത്തിയിരുന്നെങ്കിലും പരീക്ഷയെഴുതിയ കാര്യം പുറത്തറിയാതിരിക്കാൻ ഇരുവരും പേരുകൾ വെളിപ്പെടുത്തിയില്ല. സംസ്ഥാനത്തെ 945 പരീക്ഷാകേന്ദ്രങ്ങളിലായി 44,432 പേരാണ് പരീക്ഷയെഴുതിയത്. പത്താംതരത്തിൽ 19098 പേരും ഹയർസെക്കൻഡറിയിൽ 25,334 പേരുമാണ് പരീക്ഷയെഴുതിയത്. ഹയർസെക്കൻഡറിയിൽ 49ഉം പത്താംക്ലാസ് തുല്യതയിൽ 20ഉം ട്രാൻസ്ജെൻഡറുകൾ ഇത്തവണ പരീക്ഷയെഴുതുന്നുണ്ട്.