തിരുവനന്തപുരം: ഛായാഗ്രഹണ രംഗത്തേക്ക് കെ. രാമചന്ദ്രബാബു കടന്നുവന്നത് മലയാള സിനിമയിലെ മുതിർന്ന നടിമാരിലൊരാളായ ജയഭാരതിയെ ഒപ്പിയെടുത്തുകൊണ്ടായിരുന്നു. ജോൺ എബ്രഹാം സംവിധാനം ചെയ്ത വിദ്യാർത്ഥികളേ ഇതിലേ ഇതിലേ എന്ന സിനിമയിലൂടെയായിരുന്നു ഇത്. ചെന്നൈ ടി. നഗറിലെ സി.ഐ.ടി കോളനിയിലാണ് ആദ്യഷോട്ട് ചിത്രീകരിച്ചത്. അദ്ധ്യാപികയായി ജയഭാരതി കാമറയ്ക്ക് മുന്നിൽ നിന്നപ്പോൾ പഴയ രീതിക്ക് വിരുദ്ധമായി ലൈറ്റിംഗിൽ പുതിയ പാറ്റേണായിരുന്നു രാമചന്ദ്രബാബു സ്വീകരിച്ചത്. കഥാപാത്രങ്ങളിൽ കൃത്രിമവെളിച്ചം നേരിട്ട് പതിപ്പിച്ച് സ്വാഭാവികത നഷ്ടപ്പെടുത്തുന്ന രീതിക്ക് പകരം ലൈറ്റുകൾ മുഴുവൻ വൈറ്റ് ബോർഡിലും വെളുത്ത ചുമരിലും ബൗൺസ് ചെയ്യുന്ന തരത്തിലായിരുന്നു ആ നീക്കം. ഈ രീതി അന്ന് പലർക്കും അറിയില്ലായിരുന്നുവെന്നതാണ് വാസ്തവം. എന്നാലിത് വിമർശനങ്ങൾക്കും ഇടയാക്കി. നവാഗത ഛായാഗ്രാഹകനായ രാമചന്ദ്രബാബു തന്റെ മുഖത്തേക്ക് നേരിട്ട് ലൈറ്റ് തെളിച്ചില്ലെന്ന പരാതിയുമായി ജയഭാരതി തന്നെ നിർമ്മാതാവിനെ സമീപിച്ചു. പ്രകാശം നേരിട്ട് മുഖത്ത് വീണില്ലെങ്കിൽ അതെങ്ങനെ ഭംഗിയിൽ വെള്ളിത്തിരയിൽ തെളിയുമെന്നതായിരുന്നു ജയഭാരതിയുടെ ചോദ്യം. കാമറാമാന്റെ അറിവില്ലായ്മയോ അതോ മനഃപൂർവം ചെയ്തതോ എന്ന ചർച്ചയ്ക്ക് ഇത് വഴിയൊരുക്കുകയും ചെയ്തു. മലയാളത്തിലെയും തമിഴിലെയും മികച്ച സംവിധായകരുമൊത്ത് ഏകദേശം 125ൽപരം ചിത്രങ്ങൾക്ക് അദ്ദേഹം കാമറ ചലിപ്പിച്ചു. ഭരതൻ, ഐ.വി ശശി, കെ.ജി.ജോർജ്ജ്, പി.ജി.വിശ്വംഭരൻ എന്നീ സംവിധായകരോടൊത്താണ് മലയാളത്തിൽ ഏറെ ചിത്രങ്ങൾ ചെയ്തത്. ഇരുപത്തിയഞ്ചോളം നവാഗത സംവിധായകർക്കും മമ്മൂട്ടി, സുകുമാരൻ, മഞ്ജു വാര്യർ തുടങ്ങി 34 അഭിനേതാക്കളും ആദ്യം സ്‌ക്രീനിലെത്തിയത് രാമചന്ദ്രബാബുവിന്റെ കാമറയിലൂടെയാണ്.