പാറശാല: ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പാറശാല ഗവ.വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്‌കൂളിൽ ജൂനിയർ റെഡ് ക്രോസ് വോളന്റിയർമാർക്കായി സംഘടിപ്പിച്ച ഏകദിന സെമിനാർ പാറശാല സർക്കിൾ ഇൻസ്‌പെക്ടർ റിയാസ് ഖാൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ജെ. ചന്ദ്രിക അദ്ധ്യക്ഷത വഹിച്ചു. പാറശാല എ.ഇ.ഒ സെലിൻ ജോസഫ് ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി തിരുവനന്തപുരം ജില്ലാ ചെയർമാൻ പി.എച്ച്. ഹരികൃഷ്ണൻ, ജെ.ആർ.സി സബ്ജില്ല കൺവീനർ ശ്രീജ എന്നിവർ സംസാരിച്ചു. മുൻ ജെ.ആർ.സി കൗൺസിലർ പദ്മകുമാറിനെ ചടങ്ങിൽ സർക്കിൾ ഇൻസ്‌പെക്ടർ റിയാസ് ഖാൻ ആദരിച്ചു. പരിപാടികളുടെ ഭാഗമായി രാവിലെ സ്‌കൂളിന് മുന്നിൽ നിന്നും ഗാന്ധി പാർക്ക് ജംഗ്‌ഷൻ വരെ റാലിയും സംഘടിപ്പിച്ചിരുന്നു. വോളന്റിയർമാർക്കായി ട്രാഫിക് ബോധവത്കരണം, ഫസ്റ്റ് എയ്ഡ് എന്നീ വിഷയങ്ങളിലെ ക്ലാസും നടന്നു. ജില്ലയിലെ വിവിധ വിദ്യാഭ്യാസ ജില്ലകളിൽ ജെ.ആർ.സി വോളന്റിയർമാർക്കായി നടന്നു വരുന്ന സെമിനാറിന്റെ ഭാഗമായി നടന്ന ചടങ്ങിൽ പാറശാല വിദ്യാഭ്യാസ ഉപജില്ലയിലെ വിവിധ സ്കൂളിൽ നിന്നായി ഇരുനൂറിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു.