നെയ്യാറ്റിൻകര: യേശു ക്രിസ്തുവിന്റെ തിരുപ്പിറവി വിളിച്ചോതി കരോൾ സംഘങ്ങൾ സജീവമായി.
നെയ്യാറ്റിൻകര അമലോത്ഭവമാതാ കത്തീഡ്രൽ ദേവാലയത്തിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ളവർ സാന്താക്ലോസിന്റെ വേഷമണിഞ്ഞാണ് കരോളിനിറങ്ങുന്നത്.
ഉണ്ണി യേശുവിന്റെ ജനന വാർത്ത പ്രഘോഷിച്ച് കൊണ്ടുള്ള ഗാനങ്ങളും വാദ്യമേളങ്ങളുമായാണ് കരോൾ സംഘങ്ങളുടെ ഭവന സന്ദർശനം. ചൊവ്വാഴ്ച രാത്രി 11 മുതൽ വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ ക്രിസ്‌മസിനോടനുബന്ധിച്ചുള്ള പാതിരാ കുർബാനകൾ ആരംഭിക്കും.
ഡിസംബർ ആദ്യവാരം മുതൽ തന്നെ നക്ഷത്രങ്ങൾ കെട്ടിയും പുൽക്കൂടൊരുക്കിയും ക്രിസ്‌മസിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. പ്ലാസ്റ്റിക് എൽ.ഇ.ഡി നക്ഷത്രങ്ങളാണ് വിപണിയിൽ ഇത്തവണ കൂടുതലായും വിറ്റഴിയുന്നത്. ചൊവ്വാഴ്ച പാതിരാ കുർബാനയ്ക്ക് മുമ്പായി ദേവാലയത്തിന് മുന്നിൽ കരോൾ സംഘങ്ങൾ ഒത്തുകൂടി പാട്ടുപാടി കരോളിന്റെ സമാപനം കുറിക്കും.