വിൻഡീസിനെതിരായ മൂന്നാം ഏകദിനം ഇന്ന് കട്ടക്കിൽ
ഇന്ന് ജയിച്ചാൽ ഇന്ത്യയ്ക്ക് വിൻഡീസിനെതിരായ
തുടർച്ചയായ പത്താം പരമ്പര നേട്ടം
കട്ടക്ക് : ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള മൂന്ന് മത്സര പരമ്പരയിലെ അവസാന ഏകദിനം ഇന്ന് കട്ടക്കിൽ നടക്കും. ട്വന്റി 20 യിലേതുപോലെ ഏകദിന പരമ്പരയിലും കിരീടവകാശികളെ അവസാന മത്സരത്തിലേ നിശ്ചയിക്കപ്പെടൂ എന്നതിനാൽ ഒരു ഫൈനൽ മത്സരത്തിന് തന്നെയാണ് കട്ടക്ക് വേദിയാകാൻ ഒരുങ്ങുന്നത്.
മുംബയിൽ നടന്ന അവസാന മത്സരത്തിൽ വിജയിച്ചാണ് ഇന്ത്യ ട്വന്റി 20 പരമ്പര 2-1ന് സ്വന്തമാക്കിയത്.
തുടർന്ന് ചെന്നൈയിൽ നടന്ന ആദ്യ ഏകദിനത്തിൽ വിൻഡീസ് എട്ടുവിക്കറ്റിന് ചേസ് ചെയ്ത് വിജയിക്കുകയായിരുന്നു. എന്നാൽ വിശാഖപട്ടണത്ത് ആ ചേസിംഗ് വിജയം ആവർത്തിക്കാൻ വിരാടും സംഘവും അനുവദിച്ചില്ല. ഇന്ത്യയ്ക്കെതിരെ ഒരു കളി തോറ്റാൽ അടുത്ത മത്സരത്തിൽ തിരിച്ചടിക്കാൻ ശേഷിയുള്ള കെയ്റോൺ പൊള്ളാഡിന്റെ നേതൃത്വത്തിലുള്ള കരീബിയൻ നിരയ്ക്ക് ഇന്ന്ജയിച്ചാൽ മറ്റൊരു ചരിത്രനേട്ടം കൂടി സ്വന്തമാക്കാൻ കഴിയും. 13 വർഷത്തിനുശേഷം ഇന്ത്യയ്ക്കെതിരെ ഒരു ഉഭയകക്ഷി പരമ്പര സ്വന്തമാക്കാനുള്ള അവസരമാണ് വിൻഡീസിനിത്.
വിശാഖപട്ടണത്തെ വിജയം നൽകുന്ന ആത്മവിശ്വാസവുമായാകും ഇന്ത്യ ഇന്ന് കളത്തിലിറങ്ങുക. രോഹിത് ശർമ്മയും കെ.എൽ. രാഹുലും വിശാഖപട്ടണത്ത് സെഞ്ച്വറി നേടിയിരുന്നു. ഇരുവരും ഒാപ്പണിംഗിൽ ഇന്നുംമിന്നിത്തിളങ്ങിയാൽ ഇന്ത്യയ്ക്ക് വൻ സ്കോർ ഉയർത്താനാകും. കഴിഞ്ഞകളിയിൽ അപൂർവ്വമായി തനിക്ക് സംഭവിക്കുന്ന ഗോൾഡൻ ഡക്ക് ആയ വിരാട് കൊഹ്ലി ആ വാശി തീർക്കാനായി ഇന്ന്കളിച്ചാൽ മികച്ച ഇന്നിംഗ്സ് ഉറപ്പ് തന്റെ കഴിഞ്ഞ നാല് ഏകദിന ഇന്നിംഗ്സുകളിലും അർദ്ധ സെഞ്ച്വറി നേടിയ ശ്രേയസ് അയ്യരും ഫോമിലേക്ക് പതിയ................യെത്തുന്ന ഋഷഭ് പന്തും കേദാർ യാദവും ചേരുമ്പോൾ ഇന്ത്യൻ ബാറ്റിംഗ് നിര ശക്തം തന്നെ.
വമ്പൻ സ്കോറായാലും ചേസ് ചെയ്യുക അത്ര പ്രയാസമല്ലാത്ത കട്ടക്കിലെ പിച്ചിൽ ഇന്ത്യൻ ബൗളർമാർക്ക് വലിയ അദ്ധ്വാനം നടത്തിയേ മതിയാകൂ. ഹാട്രിക്കുമായി ആത്മവിശ്വാസത്തിലേക്ക് തിരികെയെത്തിയ കുൽദീപ് യാദവ് തന്നെയാകും ഇന്നും തുറുപ്പുചീട്ട്. രണ്ടാം സ്പെല്ലിൽ റിവേഴ്സ് സ്വിംഗുമായി ഷമിക്ക് തിളങ്ങാൻ കഴിയും. യുവ പേസർ ദീപക് ചഹറിന് പരിക്കേറ്റതിനാൽ നവ്ദീപ് സെയ്നിയെ ടീമിലെടുത്തിട്ടുണ്ട്. കട്ടക്കിൽ സെയ്നി അരങ്ങേറ്റം നടത്തിയേക്കും
ഷിമ്രോൺ ഹെട്മേയർ, നിക്കോളാസ് പുരാൻ, ഷായ് ഹോപ്പ്, ലെവിസ്, ഹോൾഡർ എന്നിവർക്കൊപ്പം തന്റെയും മികച്ച ബാറ്റിംഗിൽ മാത്രമാണ് പ്രതീക്ഷ വയ്ക്കേണ്ടതെന്ന് വിൻഡീസ് ക്യാപ്ടൻ കെയ്റോൺ പൊള്ളാഡിനറിയാം. വിൻഡീസ് ബൗളിംഗ് നിരയ്ക്ക് ഇന്ത്യൻ പിച്ചുകളിൽ ഇൗ പര്യടനത്തിൽ ഇതേവരെ തങ്ങളുടെ നിലവാരത്തിലേക്ക് ഉയരാനേ കഴിഞ്ഞിട്ടില്ല.
ടി.വി ലൈവ്: ഉച്ചയ്ക്ക് 1.30 മുതൽ സ്റ്റാർ സ്പോർട്സിൽ