vilappil

മലയിൻകീഴ് : വാടകയ്ക്ക് നൽകിയ കൊല്ലംകോണം എസ്.എൻ.ഡി.പി ഹാളിനു സമീപത്തെ വീട് ഒഴിഞ്ഞ് നൽകാത്തതിനെ തുടർന്ന് വീട്ടുടമസ്ഥയും രണ്ട് പെൺമക്കളും നിരാഹാര സമരം ആരംഭിച്ചു. വിധവയായ ശാരികയും മക്കളുമാണ് വീടിന് സമീപം സമരം തുടങ്ങിയത്. ശാരികയ്ക്ക് പിതാവ് രവീന്ദ്രൻനായർ ഇഷ്ടദാനം നൽകിയതാണ് രണ്ടുമുറി കടകളടങ്ങിയ വീട്. പച്ചക്കറി - പഴക്കച്ചവടത്തിന് പ്രദേശവാസിയായ അൻവറിന് ഒന്നര വർഷം മുൻപാണ് കട മുറി വാടകയ്ക്ക് നൽകിയത്. എന്നാൽ ആറു മാസം മുൻപ് അൻവർ ശാരികയെയും മക്കളെയും പുറത്താക്കി വീട് കൈയടക്കുകയും വീടിനോട് ചേർന്ന വസ്തുവും റോഡും കൈയേറി അനധികൃത ഷെഡ് നിർമ്മിക്കുകയും ചെയ്തു. ശാരികയുടെ പരാതിയെ തുടർന്ന് മാസങ്ങൾക്ക് മുൻപ് വിളപ്പിൽ ഗ്രാമപഞ്ചായത്ത് അധികൃതരെത്തി റോഡ് അപഹരിച്ചുള്ള നിർമ്മാണം പൊളിച്ച് നീക്കിയിരുന്നു. തന്റെ വീട് കൂടി ഒഴിപ്പിച്ചു തരണമെന്ന ശാരികയുടെ ആവശ്യം അധികൃതർ അംഗീകരിച്ചില്ല. സഹികെട്ട് ശാരികയും മക്കളും ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കിയപ്പോൾ പൊലീസും ജനപ്രതിനിധികളും വാടകക്കാരനുമായി ഒത്തുതീർപ്പു ചർച്ച നടത്തിയിരുന്നു. നാല് മാസത്തിനുള്ളിൽ കെട്ടിടം ഒഴിഞ്ഞു നൽകുമെന്നായിരുന്നു അൻവർ വിളപ്പിൽശാല സി.ഐയ്ക്ക് മുന്നിൽ നൽകിയ ഉറപ്പ്. എന്നാൽ പറഞ്ഞിരുന്ന അവധി കഴിഞ്ഞിട്ടും കെട്ടിടം ഒഴിയാൻ അൻവർ കൂട്ടാക്കിയില്ല. മുഖ്യമന്ത്രിയടക്കമുള്ളവർക്ക് പരാതി നൽകിയിട്ടും മറുപടി ലഭിച്ചില്ലെന്നാണ് ശാരിക പറയുന്നത്. നീതി ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് വിധവയും ഭിന്നശേഷിക്കാരിയുമായ ശാരികയും മക്കളും ഇന്നലെ നിരാഹാര സമരവുമായി തെരുവിലിറങ്ങിയത്. ഗ്രാമപഞ്ചായത്ത് ലൈസൻസ് ഇല്ലാതെയാണ് അൻവറിന്റെ കട പ്രവർത്തിക്കുന്നതെന്നും ഇക്കാര്യങ്ങൾ വിവരിച്ച് വിളപ്പിൽ പഞ്ചായത്തിന് രേഖാമൂലം കത്ത് നൽകുമെന്നും വിളപ്പിൽശാല സി.ഐ.സജിമോൻ പറഞ്ഞു.