photo

നെടുമങ്ങാട്: പ്രമുഖ പുസ്തക പ്രസാധകർ പങ്കെടുക്കുന്ന കോയിക്കൽ പുസ്തകോത്സവത്തിനും സാംസ്കാരികോത്സവത്തിനും പ്രൗഢഗംഭീരമായ തുടക്കം. സി. ദിവാകരൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ സാഹിത്യകാരൻ പെരുമാൾ മുരുകൻ ഭദ്രദീപം തെളിച്ച് ഉദ്‌ഘാടനം നിർവഹിച്ചു. പാലോട് രവി, ഏഴാച്ചേരി രാമചന്ദ്രൻ, മുരുകൻ കാട്ടാക്കട, ഗിരീഷ് പുലിയൂർ, വിനോദ് വൈശാഖി തുടങ്ങിയവർ സംസാരിച്ചു. സംഘാടകസമിതി ചെയർമാൻ അഡ്വ.ആർ. ജയദേവൻ സ്വാഗതവും ഷിജുഖാൻ നന്ദിയും പറഞ്ഞു. 24 വരെ നീളുന്ന സാംസ്കാരികോത്സവം നെടുമങ്ങാട് ടൗൺ എൽ.പി.എസിലാണ് (പൗലോ പൗലിനോ നഗർ) സംഘടിപ്പിച്ചിട്ടുള്ളത്. കലാപരിപാടികൾ, സെമിനാറുകൾ, സംവാദം, കവി സമ്മേളനം, ഫുഡ്‌ഫെസ്റ്റിവൽ, പ്രതിഭാസംഗമം എന്നിവയും നടക്കും.ഐ.എസ്.ആർ.ഒ ഒരുക്കിയ എക്സിബിഷൻ മേളയിൽ ആദ്യദിനം തന്നെ ശ്രദ്ധേയമായി. നെടുമങ്ങാട് ബ്ലോക്കു പഞ്ചായത്തിന്റെ ജൈവഗ്രാമം, നഗരസഭയുടെ കാർഷിക കർമ്മസേന, കുടുംബശ്രീ സ്റ്റാളുകളും ശ്രദ്ധേയമാണ്.ഫുഡ് ഫെസ്റ്റിവലും നടക്കും. ഇന്ന് വൈകിട്ട് 'മാധ്യമവും സമൂഹവും' എന്ന വിഷയത്തിൽ ഓപ്പൺ ഫോറം. ഷിജൂഖാൻ മോഡറേറ്ററാകും. താലൂക്കിലെ മുതിർന്ന പത്രപ്രവർത്തകരായ എം.ബി. ദിവാകരനെയും ആനാട് ശശിയേയും ആദരിക്കും. 23 ന് 'നെടുമങ്ങാടിന്റെ സർഗലാവണ്യം" എന്ന പേരിൽ പ്രാദേശിക എഴുത്തുകൂട്ടായ്മ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. പിരപ്പൻകോട് മുരളി മുഖ്യ പ്രഭാഷണം നടത്തും. 24ന് കുരീപ്പുഴ ശ്രീകുമാറിന്റെ സാംസ്കാരിക പ്രഭാഷണവും സെമിനാറും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു മോഡറേറ്ററാവും .മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്യും.