തിരുവനന്തപുരം: കിഫ്ബി വഴി നടത്തുന്ന വികസന പദ്ധതികളെക്കുറിച്ചുളള അറിവ് ജനങ്ങളിലെത്തിക്കാനുള്ള കേരള നിർമ്മിതി ബോധവത്കരണത്തിന്റെ ഭാഗമായി നടത്തുന്ന പ്രദർശനം ഇന്ന് സമാപിക്കും. തൈയ്ക്കാട് പൊലീസ് ഗ്രൗണ്ടിൽ നടക്കുന്ന പ്രദർശനത്തിന്റെ മൂന്നാം ദിവസത്തെ പരിപാടികൾ രാവിലെ 10ന് ആരംഭിച്ച് രാത്രി 8 ന് സമാപിക്കും. പ്രദർശനത്തിന്റെ ഭാഗമായി നിർമ്മാണ പ്രവർത്തനങ്ങളുടെ സാങ്കേതിക ഗുണനിലവാര നടപടികളെ കുറിച്ച് ചർച്ച നടന്നു. തുടർന്ന് സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി ഗ്രാൻഡ് മാസ്റ്റർ ജി.എസ്. പ്രദീപ് നയിച്ച ക്വിസ് മത്സരവും നടന്നു. പ്രബന്ധരചനാമത്സരവും ഉപന്യാസമത്സരവും നടത്തി.
ഇന്ന് ജില്ലയിലെ നിയമസഭാമണ്ഡലങ്ങളിലെ കിഫ്ബി പദ്ധതികളുടെ അവലോകനം നടത്തും. ഇതിൽ എം.എൽ.എമാരും വകുപ്പ് മേധാവികളും പങ്കെടുക്കും . എല്ലാ എംഎൽ.എ മാർക്കും തങ്ങളുടെ മണ്ഡലത്തിൽ നടക്കുന്ന പരിപാടികളെക്കുറിച്ചുള്ള വിവരങ്ങൾ നൽകും. പരാതികളുണ്ടെങ്കിൽ അത് പരിഹരിക്കാനും തങ്ങളുടെ നിർദ്ദേശങ്ങൾ സമർപ്പിക്കാനും ജനപ്രതിനിധികൾക്ക് അവസരം നൽകും. വിവിധ പദ്ധതികളുടെ ഗുണനിലവാരം അളക്കാനുളള സംവിധാനം തങ്ങൾക്കുണ്ടെന്ന് കിഫ്ബി ജോയിന്റ് ഫണ്ട് മാനേജർ ആനി ജൂലി തോമസ് പറഞ്ഞു. 14 ജില്ലകളിലും നവോത്ഥാന നായകന്മാരുടെ പേരിൽ സാംസ്കാരിക കേന്ദ്രങ്ങൾ തുടങ്ങും. കൊല്ലത്ത് ശ്രീനാരായണ ഗുരുവിന്റെ പേരിലാണ് പദ്ധതി തുടങ്ങുക. ഇതിനായി ആശ്രാമം മൈതാനത്ത് 3.82 ഏക്കറിൽ 9450 ചതുരശ്ര അടിയിൽ കെ.എസ്.എഫ്.ഡി.സിയുടെ നേതൃത്വത്തിൽ സാംസ്കാരിക കേന്ദ്രം പണിയും. അടുത്ത മാസം പ്രദർശനം കാസർകോടാണ് നടക്കുക.