നെയ്യാറ്റിൻകര: കമുകിൻകോട് ജംഗ്ഷനിൽ മദ്യപിച്ചവർ ഓടിച്ചുവന്ന കാർ വഴിയാത്രക്കാരെ ഇടിച്ചിടാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. ഇന്നലെ സന്ധ്യയോടെയാണ് സംഭവം. കമുകിൻകോട് പഞ്ചായത്ത് ഓഫീസിന് സമീപമെത്തിയപ്പോൾ മദ്യപസംഘത്തിന്റെ ഇന്നോവ കാർ നിയന്ത്രണം വിട്ട് എതിരെ വന്ന വഴിയാത്രക്കാർക്ക് നേരെ പാഞ്ഞടുത്തു. ഇവർ ഓടി മാറിയതോടെ മുന്നോട്ടെടുത്ത ശേഷം വീണ്ടും രണ്ടു പേരെ ഇടിച്ചു വീഴ്ത്താൻ ശ്രമിച്ചു. തുടർന്ന് നാട്ടുകാർ കാർ തടഞ്ഞിട്ടു. മദ്യപിച്ച രണ്ടു പേരാണ് കാറിലുണ്ടായിരുന്നത്. ഓടിക്കൂടിയ നാട്ടുകാരോടായി പിന്നീട് ഇവരുടെ രോഷപ്രകടനം. ഇതിനിടെ നാട്ടുകാർ നെയ്യാറ്റിൻകര പൊലീസിൽ വിവരം അറിയിച്ചതോടെ ഇവർ കാറുമായി അവണാകുഴി ഭാഗത്തേക്ക് കടന്നുകളഞ്ഞു. പൊലീസെത്തിയെങ്കിലും കാർ കണ്ടെത്താനായില്ല. ഇക്കഴിഞ്ഞ 16 ന് രാത്രി ഇതേ ഭാഗത്തു വച്ചു തന്നെ മദ്യപിച്ച് കാറോടിച്ച് വന്ന സംഘം വഴിയാത്രക്കാരെ ഇടിച്ചിടാൻ ശ്രമിച്ചപ്പോൾ നാട്ടുകാർ കാർ തടഞ്ഞിട്ടിരുന്നു. അന്നും നാട്ടുകാരെ വെട്ടിച്ച് കാറുമായി സംഘം കടന്നുകളഞ്ഞു. രണ്ട് സംഭവത്തിലും പൊലീസ് കേസെടുത്തെങ്കിലും ആരെയും പിടികൂടിയിട്ടില്ല.