ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ക്ളബ് എവർട്ടന്റെ പുതിയ പരിശീലകനായി വിഖ്യാതനായ കാർലോ ആഞ്ചലോട്ടിയെ നിയമിച്ചു. ഇൗ മാസമാദ്യം ലിവർപൂളിനോട് 2-5 എന്ന സ്കോറിന് വൻ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ പരിശീലകനായ മാർക്കോ സിൽവയെ എവർട്ടൺ പുറത്താക്കിയിരുന്നു. സിൽവയ്ക്ക് പകരക്കാരനായാണ് ഇറ്റലിക്കാരനായ ആഞ്ചലോട്ടി എത്തുന്നത്.
രണ്ടുതവണ എ.സി മിലാനെ യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളാക്കിയിട്ടുള്ള ആഞ്ചലോട്ടി ഒരുതവണ റയൽ മാഡ്രിഡിനെയും ചാമ്പ്യൻസ് ലീഗിൽ മുത്തമിടീച്ചിട്ടുണ്ട്. ഇൗ സീസണിൽ ഇറ്റാലിയൻ ക്ളബ് നാപ്പോളിക്കൊപ്പമായിരുന്നു ആഞ്ചലോട്ടി. നാപ്പോളിയെ ചാമ്പ്യൻസ് ലീഗിന്റെ പ്രീക്വാർട്ടറിൽ എത്തിച്ചതിന് പിന്നാലെ കോച്ചിനെ പുറത്താക്കിയതായി ക്ളബ് അധികൃതർ അറിയിക്കുകയായിരുന്നു. ക്ളബ് ചെയർമാൻ ഒൗറേലിയോ ഡി ലോറന്റിസുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് ആഞ്ചലോട്ടിക്ക് നാപ്പോളി വിടേണ്ടിവന്നത്.
60 കാരനായ ആഞ്ചലോട്ടി 2009-10 സീസണിൽ ഇംഗ്ളീഷ് ക്ളബ് ചെൽസിയെ പ്രിമിയർ ലീഗിലും എഫ്.എ കപ്പിലും ജേതാക്കളാക്കിയെങ്കിലും തൊട്ടടുത്ത സീസണിൽ കിരീടങ്ങളൊന്നും നേടാനാകാത്തതിനാൽ പുറത്താക്കപ്പെട്ടു. ബയേൺ മ്യൂണിക്, പാരീസ് സെന്റ് ജെർമയ്ൻ എന്നീ ക്ളബുകളെയും ആഞ്ചലോട്ടി പരിശീലിപ്പിച്ചിട്ടുണ്ട്.
അതേസമയം ഇന്നലെ നടന്ന പ്രിമിയർ ലീഗ് മത്സരത്തിൽ താത്കാലിക പരിശീലകൻ ഡങ്കൻ ഫെർഗൂസണിന്റെ കീഴിലിറങ്ങിയ എവർട്ടൺ ആഴ്സനലിനെ ഗോൾരഹിത സമനിലയിൽ തളച്ചു.
ഇതോടെ സീസണിൽ 18 മത്സരങ്ങളിൽനിന്ന് 19 പോയിന്റായ എവർട്ടൺ 15-ാം സ്ഥാനത്തേക്ക് ഉയർന്നു. 18 കളികളിൽനിന്ന് 23 പോയിന്റുള്ള ആഴ്സനൽ ഒൻപതാമതാണ്. 17 മത്സരങ്ങളിൽനിന്ന് 49 പോയിന്റുള്ള ലിവർ പൂളാണ് ഒന്നാംസ്ഥാനത്ത്.