ഉള്ളൂർ: മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുന്നിലെ വഴിവാണിഭക്കാരെ ഒഴിപ്പിക്കാൻ ശ്രമിച്ചതിനെതിരെ വഴിയോര കച്ചവട തൊഴിലാളി യൂണിയനും സി.ഐ.ടി.യുവും പ്രതിഷേധിച്ചു. ഇന്നലെ വൈകിട്ട് നാലോടെ പൊലീസിന്റെ അകമ്പടിയിലെത്തിയ റോഡ് ഫണ്ട് ബോർഡ് അധികൃതരാണ് കച്ചവടക്കാരെ ഒഴിപ്പിക്കാൻ ശ്രമിച്ചത്. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ മണ്ണെണ്ണ കന്നാസുകളുമായി ആത്മഹത്യാഭീഷണി മുഴക്കിയതോടെ സംഘർഷാവസ്ഥയായി. തുടർന്ന് പാർട്ടി പ്രവർത്തകരും നേതാക്കളും സ്ഥലത്തെത്തി പ്രതിഷേധക്കാരെ അനുനയിപ്പിച്ചതോടെയാണ് സംഘർഷാവസ്ഥയ്ക്ക് അയവുവന്നത്. പ്രതിഷേധം കനത്തതോടെ റോഡ് ഫണ്ട് ബോർഡ് അധികൃതർ സ്ഥലത്ത് നിന്നും പിൻവാങ്ങി. പിന്നാലെ പൊലീസും ഫയർഫോഴ്‌സും മടങ്ങി. വഴി വാണിഭക്കാരോട് ഒഴിഞ്ഞുപോകണമെന്ന് കാണിച്ച് റോഡ് ഫണ്ട് ബോർഡ് അധികൃതർ നോട്ടീസ് നൽകിയിരുന്നു. ഇവരെ ബങ്ക് നിർമ്മിച്ച് പുനരധിവസിപ്പിക്കാനുള്ള ചർച്ചകൾ നഗരസഭയുമായി നടക്കുകയാണ്. കഴിഞ്ഞയാഴ്ച നടത്തിയ ചർച്ചയിൽ പുനരധിവാസം തത്വത്തിൽ അംഗീകരിച്ചെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. എന്നാൽ ഇതിനിടെ ധൃതിപിടിച്ച് റോഡ് ഫണ്ട് ബോർഡ് അധികൃതർ നടപടിയുമായി മുന്നോട്ടുവന്നതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.