തിരുവനന്തപുരം: പേട്ട അക്ഷര വീഥിയിൽ രാമചന്ദ്രബാബുവിന്റെ ആദിത്യയെന്ന വീട്ടിലെ ചുമരലമാര നിറയെ ചലച്ചിത്ര പുരസ്‌കാരങ്ങളാണ്. അലമാരയുടെ ഒരറ്റത്ത് 'ഒരു വടക്കൻ വീരഗാഥ" നൂറാം ദിവസവും മറ്റേ അറ്റത്ത് 'യവനിക" 50 ാം ദിവസവും തികച്ചതിന്റെ ഫലകങ്ങൾ. അതിനിടയിൽ ഗുരുദേവന്റെ ഫോട്ടോയ്ക്ക് സമീപം നാലു സംസ്ഥാന അവാർഡുകൾ...
പേരിടാത്ത സിനിമയുടെ ലൊക്കേഷൻ ഹണ്ടിനിടയിലാണ് രാമചന്ദ്രബാബുവിനെ മരണം കൂട്ടിക്കൊണ്ടു പോയത്. സുൽത്താൻബത്തേരിയിലായിരുന്നു പുതിയ സിനിമ പ്ലാൻ ചെയ്തിരുന്നത്. ഇതിനായി യാത്രകളിലായിരുന്ന അദ്ദേഹം. പക്ഷെ ഇത് അവസാനത്തെ യാത്രയായിരുന്നെന്ന് ഭാര്യ കെ. ലതികാറാണിയും മക്കളും അറിഞ്ഞത് ചാനൽ വാർത്തകളിലൂടെയാണ്. നെഞ്ചുതകർന്ന അവരെ ആശ്വസിപ്പിക്കാൻ പാടുപെടുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും.
രാമചന്ദ്ര ബാബുവിന്റെ മരണവിവരം അറിഞ്ഞ് അടുത്ത സുഹ്യത്തുക്കളായ കീരീടം ഉണ്ണി, സംവിധായകൻ ശാന്തിവിള ദിനേശ് തുടങ്ങിയവർ പേട്ടയിലെ വീട്ടിലെത്തി.