തിരുവനന്തപുരം: പൗരത്വ നിയമമുൾപ്പെടെ മതാടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിച്ചുള്ള സംഘപരിവാർ നീക്കങ്ങൾക്കെതിരെ എല്ലാ വിഭാഗങ്ങളെയും അണിനിരത്തിയുള്ള പോരാട്ടത്തിന് സി.പി.എം ഒരുങ്ങുന്നു. ബി.ജെ.പിയെ ചെറുക്കാനുള്ള വിശാല ഐക്യനിര കെട്ടിപ്പടുത്തുകയാണ് ലക്ഷ്യം. ഇതുസംബന്ധിച്ച കേന്ദ്രകമ്മിറ്റിയുടെ നിർദ്ദേശം ഇന്നലെ ആരംഭിച്ച സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്തു. പൗരത്വഭേദഗതി നിയമത്തിനെതിരെ ജനുവരി 26ന് നടത്തുന്ന മനുഷ്യച്ചങ്ങലയുടെ നടത്തിപ്പിന് സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങൾക്ക് ജില്ലകളുടെ ചുമതല നൽകി.
അയോദ്ധ്യ കേസിലെ സുപ്രീംകോടതി വിധി മുതലിങ്ങോട്ടുള്ള നീക്കങ്ങളെ സംശയത്തോടെ സി.പി.എം വീക്ഷിക്കുന്നു. ബി.ജെ.പിയുടെ സങ്കുചിത ദേശീയതയെ രാജ്യത്തെ ബഹുസ്വര ദേശീയത ഉയർത്തിക്കാട്ടി പ്രതിരോധിക്കാൻ പാർട്ടി മുന്നിട്ടിറങ്ങും. അയോദ്ധ്യ വിധിക്ക് പിന്നാലെ പൗരത്വ വിഷയം കൂടി വന്നതോടെ മതന്യൂനപക്ഷങ്ങൾക്കിടയിൽ അരക്ഷിതാവസ്ഥ കനപ്പെട്ടിട്ടുണ്ട്. ഇതിനെ മുതലെടുത്ത് വിഭജന അജൻഡ നടപ്പാക്കാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. ബി.ജെ.പിയെ ചെറുക്കാൻ തൊഴിലാളി വർഗ്ഗത്തെയാകെ അണിനിരത്തണം. ഗോധ്ര മോഡൽ ഇന്ത്യയിൽ അനുവദിക്കാതിരിക്കാനുള്ള പോരാട്ടം നടത്തണം. മതന്യൂനപക്ഷങ്ങളുടെ വിശ്വാസ്യത ആർജ്ജിച്ച് മുന്നോട്ട് നീങ്ങാനാണ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം.
ദേശീയ രാഷ്ട്രീയ സ്ഥിതിഗതികളുടെ റിപ്പോർട്ടിംഗ് മാത്രമാണ് ഇന്നലെ നടന്നത്. തദ്ദേശഭരണ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ ഉൾപ്പെടെ സംസ്ഥാനകമ്മിറ്റി ഇന്ന് ചർച്ച ചെയ്യും.