തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചും കലാലയങ്ങളിലെ പൊലീസ് അതിക്രമങ്ങൾക്കുമെതിരെ ഇന്നലെ അർദ്ധരാത്രി കെ.എസ്.യു പ്രവർത്തകർ രാജ്ഭവനിലേക്ക് മാർച്ച് നടത്തി. രാത്രി 12ഓടെ കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി നബീൽ കല്ലമ്പലത്തിന്റെ നേതൃത്വത്തിൽ ഇരുപതോളം വരുന്ന പ്രവർത്തകർ ഷർട്ട് ധരിക്കാതെ കെ.പി.സി.സി ഓഫീസിന് മുന്നിൽ നിന്നാണ് പന്തംകൊളുത്തി പ്രകടനം നടത്തിയത്. മാർച്ച് രാജ്ഭവന് മുന്നിൽ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. തുടർന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ശരത്ചന്ദ്രപ്രസാദ് മാർച്ച് ഉദ്ഘാടനം ചെയ്‌തു. ഉദ്ഘാടനത്തിന് ശേഷം പ്രവർത്തരിൽ ചിലർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പൊലീസ് നാല് റൗണ്ട് ജലപീരങ്കി പ്രയോഗിച്ചു.