തിരുവനന്തപുരം: നാലാഞ്ചിറയിൽ കെ.എസ്.ആർ.ടി.സി സിറ്റി ബസിന് പിന്നിൽ സ്വകാര്യബസിടിച്ച് 10പേർക്ക് പരിക്ക്. ആരുടെയും നില ഗുരുതരമല്ല. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാലാഞ്ചിറ കോട്ടമുകൾ ബസ് സ്റ്റോപ്പിൽ ഇന്നലെ രാവിലെ 10.30നായിരുന്നു അപകടം. യാത്രക്കാരെ ഇറക്കിയശേഷം മുന്നോട്ടെടുത്ത കെ.എസ്.ആർ.ടി.സി ബസിന് പിന്നിൽ അതിവേഗത്തിലെത്തിയ സ്വകാര്യബസ് ഇടിക്കുകയായിരുന്നു. ഇരുബസുകളും വെഞ്ഞാറമൂട്ടിൽ നിന്ന് കേശവദാസപുരത്തേക്ക് പോകുകയായിരുന്നു. മത്സരയോട്ടമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമികനിഗമനം. സ്വകാര്യബസിലെ യാത്രക്കാരായ സുജ (34), ഹൽദാർദാസ് (25), സാമുവൽ (51), ജോളി(46), ശൈലജകുമാരി(40), ലേഖാസന്തോഷ് (49), ആരതി (22), ഷീല (48), വേണുഗോപാൽ( 55), അർജ്ജുൻ (11) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിട്ടയച്ചു.