തിരുവനന്തപുരം: കാലവർഷം അതിവർഷമാകുന്ന കാലാവസ്ഥാ മാറ്റം പ്രയോജനപ്പെടുത്തി ജലവൈദ്യുതി ഉത്പാദനം കൂട്ടാൻ വൈദ്യുതി ബോർഡ് ഒരുങ്ങുന്നു. ഇതിനായി ഇടുക്കിയിൽ പുതിയ ജനറേറ്റർ പ്ളാന്റ് സ്ഥാപിച്ച് സംസ്ഥാനത്തെ മൊത്തം വൈദ്യുതി ഉത്പാദനം 2159 മെഗാവാട്ടിൽ നിന്ന് മൂവായിരത്തിൽ എത്തിലെത്തിക്കുകയാണ് ലക്ഷ്യം.
ഇപ്പോൾ ഇങ്ങനെ
സംസ്ഥാനത്തുള്ള 23 ജലവൈദ്യുതി യൂണിറ്റുകളിൽ നാലെണ്ണം മാത്രമാണ് 100 മെഗാവാട്ടിൽ കൂടുതൽ വൈദ്യുതി ഉണ്ടാക്കുന്നത്. അതിന്റെ കണക്ക് ഇങ്ങനെ: ഇടുക്കിയിൽ 780, ശബരിഗിരി 340, കുറ്റ്യാടി 225, ലോവർ പെരിയാറിൽ 180 മെഗാവാട്ട് വീതം. ഈ നാലെണ്ണത്തിൽ നിന്നുള്ള ആകെ വൈദ്യുതി ഉത്പാദനം 1525 മെഗാവാട്ട്. ഇടുക്കിയിലെ ഉത്പാദനം ഇരട്ടിയാക്കിയാൽ അവിടെ നിന്നു മാത്രം ഇത്രയും വൈദ്യുതി കിട്ടും. 19 ഇടത്തരം,ചെറുകിട ജല വൈദ്യുതി സ്റ്റേഷനുകളിൽ നിന്ന് കിട്ടുന്നത് 655 മെഗാവാട്ട്. പക്ഷേ, പരിസ്ഥിതി പ്രശ്നങ്ങൾ കാരണം പലയിടത്തും ഉത്പാദനം കൂട്ടാനാകുന്നില്ല.
ഇടുക്കിയിൽ ഇരട്ടിയാക്കും
ഇടുക്കിയിൽ 130 മെഗാവാട്ട് ശേഷിയുള്ള ആറ് ഉത്പാദന യൂണിറ്റാണ് ഉള്ളത്. ഇത്ര തന്നെ ശേഷിയുള്ള ആറ് യൂണിറ്റുകൾ കൂടി സ്ഥാപിക്കാനാണ് ഒരുക്കം. ഇതിന്റെ സാധ്യത തിട്ടപ്പെടുത്താൻ വൈകാതെ ആഗോള ടെൻഡർ ക്ഷണിക്കും. അടുത്ത മഴക്കാലത്തിന് മുമ്പ് പുതിയ യൂണിറ്റ് സ്ഥാപിക്കാനാണ് ശ്രമം. 2018 ലെ പ്രളയത്തിനു ശേഷമാണ് ഇടുക്കിയിലെ വെള്ളം പൂർണമായി ഉപയോഗിക്കുന്നതിനെക്കുറിച്ച് ബോർഡ് ആലോചിച്ചത്. ബോർഡും സർക്കാരും തത്വത്തിൽ അംഗീകരിച്ചതോടെ പദ്ധതി യാഥാർത്ഥ്യത്തിലേക്ക് നീങ്ങുന്നു.
അന്താരാഷ്ട്ര ഏജൻസിയെ ഏല്പിക്കുന്നതോടെ കേന്ദ്രാനുമതിക്കുള്ള സാങ്കേതിക റിപ്പോർട്ടും നിർമ്മാണനേതൃത്വവും അവർക്ക് നൽകും. വേഗത്തിൽ നിർമ്മാണം പൂർത്തിയാക്കും.
എൻ.എസ്.പിള്ള
ചെയർമാൻ, കെ.എസ്.ഇ.ബി
വൈദ്യുതി നില
ആകെ വേണ്ടത് 4669 മെഗാവാട്ട്
ജലവൈദ്യുതി ഉത്പാദനം 2159.51 മെഗാവാട്ട്
ആകെ ഉത്പാദനം 2857.59 മെഗാവാട്ട്
കുറവ് 1811.41 മെഗാവാട്ട്
മഴക്കണക്ക്
2018 ൽ 2980.37 എം.എം
2019 ൽ 2932.8 എം.എം
മുൻ ശരാശരി 2426.33 എം.എം.
പദ്ധതിക്ക് പ്രതീക്ഷിക്കുന്ന
ചെലവ്: 2500 കോടി