ആറ്റിങ്ങൽ: മണ്ണൂർഭാഗം കശുഅണ്ടി ഓഫീസ് റോഡിലൂടെ നടന്ന് സന്ധിവേദന പിടിപെട്ടവരുടെ മുറവിളിക്ക് നേരേ മുഖം തിരിക്കുകയാണ് അധികാരികൾ. പലപ്പോഴായി പരാതികൾ പലത് നൽകിയെങ്കിലും പതിവ് പല്ലവിയല്ലാതെ മറ്റൊന്നും നാട്ടുകാർ കേട്ടിട്ടുമില്ല. ഇപ്പോഴും പരാതികൾ ചിലത് സമക്ഷത്തുണ്ട് താനും. എന്നിട്ടും അധികാരികളുടെ അനാസ്ഥയ്ക്ക് അല്പവും അയവില്ലെന്നാണ് അറിയുന്നത്. കരവാരം ഗ്രാമ പഞ്ചായത്തിലെ ചില വാർഡുകളിലൂടെ ആറ്റിങ്ങൽ നഗരസഭ അതിർത്തി വഴി കടന്നു പോകുന്ന റോഡിൽ യാത്രക്കാർക്ക് കടമ്പകളേറെയാണ്.
കുണ്ടും കുഴിയും നിറഞ്ഞ് ഗതാഗത യോഗ്യമല്ലാതെ കിടക്കുന്ന റോഡിലൂടെ സഞ്ചരിച്ച് നടു ഒടിയാനാണ് നാട്ടുകാരുടെ യോഗം.ഈ റോഡിലൂടെ കരവാരത്തു നിന്നും എളുപ്പം ആറ്റിങ്ങലിലേയ്ക്കും വഞ്ചിയൂരിലേയ്ക്കും എത്താനാകും. റോഡിന്റെ പലഭാഗങ്ങളിലും ടാർ പൊടിപോലും ഇല്ലാത്ത അവസ്ഥയാണ്. നിരവധി സ്കൂൾ വാഹനങ്ങൾ ഓടുന്നുണ്ട്. ഈ റോഡിലൂടെമാത്രമേ ജ്യോതിസ് പബ്ലിക് സ്കൂളിൽ എത്താനാകൂ. സ്കൂളുമായി ബന്ധപ്പെട്ട് ആട്ടോ ഉൾപ്പെടെ നിരവധി വാഹനങ്ങൾ പോകുന്നുണ്ട്. സാധാന ഗ്രാമീണ റോഡിന്റെ നാലിരട്ടി വാഹനങ്ങളാണ് ഈ റോഡു വഴി പോകുന്നത്. നിരവധി ക്ഷേത്രങ്ങളിലേയ്ക്കും കോളനികളിലേയ്ക്കും കശുഅണ്ടി ഓഫീസിലേയ്ക്കും പോകുന്ന നിരവധി പേരാണ് ദിവസവും ഇതുവഴി കടന്നു പോകുന്നത്. റോഡിന്റെ സ്ഥിതി കൂടാതെ ഇരുവശങ്ങളും കാടുകയറി ഇഴജന്തുക്കളുടെ താവളമായി മാറിയിരിക്കുകയാണ്. രാത്രിയായാൽ ഭയന്നാണ് നാട്ടുകാർ യാത്ര ചെയ്യുന്നത്.