തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ സംയുക്ത സമരത്തിൽ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാടിനെ വിമർശിച്ചും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെയും ഉമ്മൻ ചാണ്ടിയെയും സ്വാഗതം ചെയ്തും സി.പി.എം സംസ്ഥാന കമ്മിറ്റി. തുടർന്നും, യോജിച്ച പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത പാർട്ടി, ജനുവരി 26ന് നടത്തുന്ന മനുഷ്യച്ചങ്ങലയിലേക്ക് കോൺഗ്രസിനെയും പേരെടുത്ത് പറയാതെ ക്ഷണിച്ചു.
മറ്റ് പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസങ്ങൾ നിലവിലുണ്ടെങ്കിലും രാജ്യത്തേയും ഭരണഘടനയേയും സംരക്ഷിക്കുന്നതിനുള്ള അടിയന്തര ചുമതല നിർവ്വഹിക്കുന്നതിൽ എല്ലാവരും കൈകോർക്കണമെന്ന് സി.പി.എം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ശബരിമല പ്രശ്നത്തിൽ സുപ്രീംകോടതി വിധിക്കെതിരെ ആർ.എസ്.എസ്സുമായി യോജിച്ച് കർമ്മസമിതിയിൽ പ്രവർത്തിക്കാൻ മടിയില്ലായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന് ഇന്ത്യയെ നിലനിറുത്താനുള്ള വിശാല പോരാട്ടത്തിൽ സി.പി.എമ്മുമായി യോജിച്ച് പ്രവർത്തിക്കാനാവില്ലെന്ന് പറയുന്നത് സങ്കുചിതമാണ്..അതേ സമയം, മതചിഹ്നങ്ങൾ ഉപയോഗിച്ചുള്ള പ്രതിഷേധം വിശാല ഐക്യത്തെ ദുർബലപ്പെടുത്താനും സംഘപരിവാറിന്റെ ഉദ്ദേശ്യം നടപ്പാക്കാനുമേ ഉപകരിക്കൂ . മുല്ലപ്പള്ളിയുടെ നേതൃത്വത്തിൽ കോൺഗ്രസിനകത്തെ ചിലരും യു.ഡി.എഫിലെ ചെറുകക്ഷികളും സംയുക്തസമരത്തിനെതിരെ രംഗത്തെത്തിയതിനെ തുടർന്ന്, ഇനി യോജിച്ച സമരമില്ലെന്ന് മുന്നണിയോഗം തീരുമാനിച്ചിരുന്നു. സംയുക്ത സമരത്തിൽ പ്രതിഷേധിച്ച് മുന്നണി യോഗത്തിൽ നിന്ന് മുല്ലപ്പള്ളി വിട്ടുനിന്നു. , ആശയക്കുഴപ്പത്തിനിടയാക്കുന്ന ഇത്തരം ഭിന്നസ്വരങ്ങളിൽ മുസ്ലിംലീഗിന് നീരസമുണ്ടായി. ഈ പശ്ചാത്തലത്തിൽ യു.ഡി.എഫിനകത്തെ ആശയക്കുഴപ്പം രാഷ്ട്രീയമായി മുതലെടുക്കുകയെന്നതും സി.പി.എം നീക്കത്തിന് പിന്നിലുണ്ട്.
വർഗ്ഗീയ ധ്രുവീകരണത്തിനും പ്രകോപനം സൃഷ്ടിച്ച് കലാപാന്തരീക്ഷം രൂപപ്പെടുത്താനുമുള്ള കേന്ദ്രസർക്കാരിന്റെ ശ്രമങ്ങളെ ജാഗ്രതയോടെ കാണണം. . ഈ കാഴ്ചപ്പാടോടെയാണ് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും മറ്റും പങ്കെടുത്ത് ഈ മാസം 16ന് മഹാസത്യാഗ്രഹം സംഘടിപ്പിച്ചത്. കേരളീയ സമൂഹത്തിനും ഇന്ത്യൻ ജനതയ്ക്കും ഇത് വലിയ പ്രതീക്ഷയാണ് നൽകിയത്. ഇതിന് സഹായകരമായ പ്രതിപക്ഷ നേതാവിന്റെ സമീപനവും ഉമ്മൻചാണ്ടിയുടേയും മുസ്ലീംലീഗ് നേതൃത്വത്തിന്റേയും നിലപാടും ശ്രദ്ധേയമാണ്. മാറിയ രാഷ്ട്രീയ സാഹചര്യം തിരിച്ചറിഞ്ഞ് നിലപാട് സ്വീകരിക്കേണ്ടി വരുമെന്ന ഉമ്മൻചാണ്ടിയുടെ അഭിപ്രായം ശരിയായ ദിശയിലുള്ളതാണ്. ഇത്രയും ഗൗരവമായ സാഹചര്യത്തിലും സങ്കുചിതമായ സി.പി.എം വിരുദ്ധ നിലപാട് പ്രതിഫലിക്കുന്ന അഭിപ്രായങ്ങൾ കെ.പി.സി.സി പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം പ്രകടിപ്പിക്കുന്നത് ഖേദകരമാണ്.
ഡിസംബർ 16ലെ പ്രതിഷേധത്തിന്റെ തുടർച്ചയായാണ് ജനുവരി 26ലെ മനുഷ്യച്ചങ്ങലയെ കാണുന്നത്. ഈ പ്രശ്നത്തിൽ യോജിക്കാവുന്ന എല്ലാവർക്കും ചങ്ങലയിൽ പങ്കെടുക്കാനാവണം. എൽ.ഡി.എഫ് നേതൃത്വത്തിലുള്ള ജില്ലാ ജാഥകൾ വൻ പ്രചാരണരൂപമാക്കി മാറ്റണം. പാർട്ടി നേതൃത്വത്തിൽ ഗൃഹസന്ദർശനവും കുടുംബയോഗങ്ങളും സംഘടിപ്പിച്ച് മുഴുവൻ ആളുകളിലേക്കും സന്ദേശമെത്തിക്കണമെന്നും സംസ്ഥാനകമ്മിറ്റി നിർദ്ദേശിച്ചു.