gg

നെയ്യാറ്റിൻകര: ഗൾഫിൽ നിന്നും നാട്ടിലെത്തിയ ശേഷം കാണാതായ മാനസിക പ്രശ്‌നമുള്ള യുവാവിനെ പൊലീസ് കണ്ടെത്തിയിട്ടും വഴിയരികിൽ ഉപേക്ഷിച്ചെന്ന് പരാതി. അമരവിള ദേവേശ്വരം അൽനൂറിൽ അബ്ദുൾമജീദ് - ആരിഫ ദമ്പതികളുടെ മകൻ ഷെമീറിനെയാണ് (32) വെടിവെച്ചാൻകോവിലിന് സമീപത്തുവച്ച് നരുവാമൂട് പൊലീസ് കണ്ടെത്തിയത്. എന്നാൽ ഇയാളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുമ്പോൾ വഴിയിൽ ഉപേക്ഷിച്ചെന്നാണ് ബന്ധുക്കളുടെ പരാതി. യുവാവിനെ അടുത്ത ദിവസം നെയ്യാറ്റിൻകര ആശുപത്രിക്ക് സമീപം ചിലർ കണ്ടെങ്കിലും പീന്നീട് കണ്ടെത്താനായില്ലെന്ന് ബന്ധുക്കൾ ഡി.ജി.പിക്ക് നൽകിയ പരാതിയിൽ പറയുന്നു.

വെടിവെച്ചാൻകോവിലിന് സമീപം അർദ്ധരാത്രിയിൽ ഷെമീറിനെ പൊലീസ് പിടികൂടുമ്പോൾ സമീപത്തുണ്ടായിരുന്ന യുവാവ് ഇയാൾ അമരവിള സ്വദേശിയാണെന്നും മാനസികപ്രശ്‌നമുണ്ടെന്നും പൊലീസിനോട് പറഞ്ഞിരുന്നു. തുടർന്ന് പൊലീസ് ഷെമീറിനെ പൊലീസ് ജീപ്പിൽ കയറ്റിക്കൊണ്ടുപോയ ശേഷം വഴിയിൽ ഇറക്കി വിട്ടെന്നാണ് പരാതി. 2018 സെപ്‌തംബർ മാസമാണ് നാഗർകോവിലിലുള്ള ഒരു ട്രാവൽ ഏജൻസി വഴി ഷമീർ സൗദിഅറേബ്യയിൽ ജോലിക്കായി പോയത്. വിസയുടെ കാലാവധി തീർന്നതോടെ ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഇയാളെ ഗൾഫിൽ നിന്നും മുംബയിലേക്ക് കയറ്റിവിട്ടു. ഇയാളുടെ പാസ്‌പോർട്ട് രാജസ്ഥാനിലെ ഉദയ്‌പൂർ പൊലീസിന് ട്രെയിനിൽ നിന്നും ലഭിച്ചിരുന്നു. ഈ വിവരം ഉദയ്‌പൂർ പൊലീസ് തിരുവനന്തപുരം പൊലീസ് ഹെഡ്ക്വാർട്ടേഴ്സിൽ അറിയിച്ചു. മാർച്ച് 14ന് പൊലീസ് ഹെഡ്ക്വാർട്ടേഴ്സിൽ നിന്നും വിവരം വീട്ടുകാരെയും അറിയിച്ചു.

തുടർന്നാണ് യുവാവിനെ കാണാനില്ലെന്ന് പൊലീസ് ഹെഡ്ക്വാർട്ടേഴ്സിൽ ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഇതിനിടെയാണ് കഴിഞ്ഞദിവസം വെടിവെച്ചാൻകോവിലന് സമീപം യുവാവിനെ കണ്ടെത്തിയതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. നെയ്യാറ്റിൻകര ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്.