v-muraleedharan-bjp-

തിരുവനന്തപുരം: പൗരത്വ ഭേദഗതി ബില്ലിനെക്കുറിച്ച് സർക്കാരും പ്രതിപക്ഷവും നടത്തുന്നത് വ്യാജ പ്രചാരണങ്ങളെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ജനങ്ങളോട് കലാപത്തിന് ആഹ്വാനം ചെയ്യുകയാണ്. കൈയടിക്കായുള്ള പ്രകടനമാണിത്. വഹിക്കുന്ന ഭരണഘടനാ പദവിയെക്കുറിച്ച് ബോദ്ധ്യമില്ലാതെയാണ് എരിതീയിൽ എണ്ണയൊഴിക്കുന്ന ഈ സമീപനമെന്നും പി.എസ്.സി എംപ്ലോയീസ് സംഘ് സംസ്ഥാന സമ്മേളനം സംസ്‌കൃതിഭവനിൽ ഉദ്ഘാടനം ചെയ്യവെ മുരളീധരൻ പറഞ്ഞു.

ഒറ്റ ഇന്ത്യക്കാരനു പോലും പൗരത്വം നിഷേധിക്കാൻ നിയമത്തിൽ വ്യവസ്ഥയില്ല. ജീവിക്കാൻ നിവൃത്തിയില്ലാതെ അയൽ രാജ്യങ്ങളിൽ നിന്ന് തൊഴിലെടുക്കാൻ ഇവിടെ വരുന്നവർക്ക് വേണ്ടത് പൗരത്വമല്ല, തൊഴിലിനുള്ള സാഹചര്യമാണ്. ജോലിക്കായി എത്തുന്നവർക്ക് വർക്ക് പെർമിറ്റ് നൽകുന്ന കാര്യം വേണ്ടിവന്നാൽ പരിഗണിക്കാം. പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ മലയാളികളെ കബളിപ്പിക്കാൻ മുഖ്യധാരാ രാഷ്ട്രീയ സംഘടനകളും ചില മാദ്ധ്യമങ്ങളും ശ്രമിക്കുന്നുണ്ട്. ഇവിടത്തെ രണ്ട് രാഷ്ട്രീയ കക്ഷികൾക്ക് നോട്ടിരട്ടിപ്പുകാരന്റെ മനസാണ്. ഒരു രാജ്യവും നുഴഞ്ഞുകയറ്റക്കാർക്ക് പൗരത്വം നൽകില്ല. ഇന്ത്യയിൽ അതു നൽകണമെന്ന ആവശ്യം എന്തിനെന്ന് മനസിലാകുന്നില്ല. നിയമത്തിന്റെ മറവിൽ ഒരുകൂട്ടർക്ക് അഴിഞ്ഞാടാൻ സംസ്ഥാന സർക്കാർ അനുമതി നൽകുകയാണെന്നും മരുളീധരൻ കുറ്രപ്പെടുത്തി.

പി.എസ്.സി എംപ്ലോയീസ് സംഘ് സംസ്ഥാന പ്രസിഡന്റ് ടി.എൻ പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ബി.എം.എസ് ജനറൽ സെക്രട്ടറി എം.പി.രാജീവൻ മുഖ്യപ്രഭാഷണം നടത്തി. ഫെറ്റോ ജനറൽ സെക്രട്ടറി എസ്.കെ ജയകുമാർ, ആർ.ആർ.കെ.എം.എസ് അഖിലേന്ത്യാ ഉപാദ്ധ്യക്ഷൻ പി.സുനിൽകുമാർ, എ.ബി.ആർ.എസ്.എം അഖിലേന്ത്യാ സെക്രട്ടറി പി.എസ്.ഗോപകുമാർ, കേരള പി.എസ്.സി എംപ്ലോയീസ് സംഘ് ജനറൽ സെക്രട്ടറി സജീവ് തങ്കപ്പൻ എന്നിവർ പ്രസംഗിച്ചു.