കിളിമാനൂർ: പ്രകൃതി പച്ചത്തുരുത്തുകൾ തേടുമ്പോൾ പച്ചപ്പിനായി ഭാഗീരഥ പ്രയത്നം നടപ്പിലാക്കി വിജയശ്രീലാളിതരായതിന്റെ നിറവിലാണ് കിളിമാനൂർ. കിളിയും മാനും അധിവസിക്കുന്ന ഊരെന്ന് ഖ്യാതികേട്ട കിളിമാനൂരിന് പച്ചപ്പെന്നാൽ രവിവർമ്മച്ചിത്രം തന്നെയാണ്. പരന്ന് കിടക്കുന്ന അയ്യപ്പൻകാവ് വയലേലകളും കുളങ്ങളും ചെറുതോടും തമ്പുരാട്ടിപ്പാറയുമൊക്കെ ചേരുന്ന കിളിമാനൂര് ആദ്യ സമ്പൂർണ്ണ പച്ചത്തുരുത്ത് ബ്ലോക്ക് പഞ്ചായത്ത് എന്ന ബഹുമതിക്ക് അർഹയായിരിക്കുകയാണ്. ഔഷധ സസ്യങ്ങളും, ഫലവൃക്ഷങ്ങളും ,കുറ്റിച്ചെടികളും വെച്ചുപിടിപ്പിച്ചും, പറവകൾക്കും, ഇഴജന്തുക്കൾക്കും ആവാസ വ്യവസ്ഥ ഒരുക്കിയും, കിളികൾക്ക് കൂടൊരുക്കിയും ,കാലാവസ്ഥ വ്യതിയാനം തടയുന്നതിന് കൃത്രിമ വനം ഒരുക്കിയുമാണ് കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ജില്ലയിലെ തന്നെ ആദ്യത്തെ സമ്പൂർണ്ണ പച്ചത്തുരുത്ത് ബ്ലോക്ക് പഞ്ചായത്ത് എന്ന ലക്ഷ്യത്തിലെത്തിയത്.