1

പൂവാർ: കടലും കടൽ തീരവും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ പൂവാർ ഗ്രാമപഞ്ചായത്ത് സംഭാവനയായി നൽകിയ ഭൂമിയിൽ പ്രവർത്തനമാരംഭിച്ച പൂവാർ കോസ്റ്റൽ പൊലീസ് സ്റ്റേഷൻ പരിമിതികളിൽ വീർപ്പുമുട്ടുന്നു. ഈ സ്റ്റേഷൻ നിലവിൽ വന്നതോടു കൂടി പൂവാർ ബീച്ചിലെ സാമൂഹ്യ വിരുദ്ധശല്യത്തിന് ഒരു പരിധിവരെ ശമനമുണ്ടായെങ്കിലും ശരിയായ ഉദ്ദേശലക്ഷ്യം സാദ്ധ്യമാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. പൂവാർ പൊലീസിന് സ്വന്തമായി ഒരു ബോട്ട് ഉണ്ടെങ്കിലും പാർക്ക് ചെയ്യാനുള്ള സൗകര്യമില്ലാത്തതിനാൽ വിഴിഞ്ഞത്താണ് കൊണ്ടിടുന്നത്. ആവശ്യമായ സാഹചര്യങ്ങളിൽ വിഴിഞ്ഞത്തു നിന്നുമാണ് വാർഡന്മാരും പൊലീസും കടലിലേക്ക് പോകുന്നത്.

പൂവാർ ജംഗ്ഷനിൽ നിന്നും സ്റ്റേഷനിലേക്കുള്ള റോഡ് ഇടുങ്ങിയതും കുണ്ടും കുഴിയും നിറഞ്ഞതുമാണ്. ഇതിനും പരിഹാരമായിട്ടില്ല. പുതിയ സ്റ്റേഷൻ കെട്ടിടത്തിൽ ആവശ്യത്തിന് വിശ്രമിക്കാനുള്ള സൗകര്യം ഇല്ലെന്ന് പൊലീസുകാർ പറയുന്നു. പൊലീസുകാരുടെ കൂടാതെ ടൂറിസം ഡിപ്പാർട്ട്മെന്റിന്റെ ലൈഫ് ഗാർഡുകളുടെ ബാഗും ഉപകരണങ്ങളും സൂക്ഷിക്കുന്നത് ഇവിടെയാണ്. കടലോര ജാഗ്രതാ സമിതി രൂപീകരിക്കാനോ, അതിന്റെ പ്രവർത്തനങ്ങൾ ക്രമീകരിക്കാനോ പൂവാർ കോസ്റ്റൽ പൊലീസ് സ്റ്റേഷന് ഇതുവരെയും കഴിഞ്ഞിട്ടില്ലെന്നാണ് പ്രദേശത്തെ മത്സ്യതൊഴിലാളികൾ പറയുന്നത്. സ്റ്റേഷന്റെ ശരിക്കുള്ള പ്രയോജനം പ്രദേശവാസികൾക്ക് കിട്ടാനാവശ്യമായ നടപടികൾ ബന്ധപ്പെട്ടവർ സ്വീകരിക്കണമെന്നതാണ് ഇവരുടെ ആവശ്യം.

കോസ്റ്റൽ സ്റ്റേഷന്റെ ചുമതലകൾ

നിശ്ചിത കടൽ ദൂരത്തിന്റെയും തീരത്തിന്റെയും സുരക്ഷ ഉറപ്പു വരുത്തുക

ക്രിമിനൽ പ്രവർത്തനങ്ങൾ തടയുക

ഇവ സംബന്ധിച്ച കേസുകൾ കൈകാര്യം ചെയ്യുക

അപകടത്തിൽപെടുന്ന മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തുക

കപ്പലുകളിൽ നിന്നും ഉണ്ടാകുന്ന അതിക്രമങ്ങൾ ചെറുക്കുക

മത്സ്യതൊഴിലാളികളുടെ ഉന്നമനത്തിനും സുരക്ഷക്കും ശ്രദ്ധ നൽകുക

കടലോര ജാഗ്രതാ സമിതികൾ രൂപീകരിച്ച് ബോധവത്കരണം നടത്തുക

പ്രധാന പ്രശ്നങ്ങൾ

സ്ഥലപരിമിതി

ബോട്ട് പാർക്ക് ചെയ്യാൻ സൗകര്യമില്ല

ലാൻഡ് ഫോൺ പ്രവർത്തനരഹിതം

അത്യാധുനിക നിരീക്ഷണ ഉപകരണങ്ങളില്ല

ഇവിടേക്കുള്ള ഇടുങ്ങിയ റോഡ് തകർന്നു