തിരുവനന്തപുരം: തിരുവിതാംകൂറിന്റെ മുൻ ഭരണാധികാരിയായിരുന്ന റീജന്റ് സേതു ലക്ഷ്മിബായിയുടെ 125 ാം ജന്മദിനം ആഘോഷിച്ചു. ക്ഷത്രിയക്ഷേമ സഭയുടെ നേതൃത്വത്തിൽ കോട്ടയ്ക്കകം ലെവി ഹാളിലാണ് ആഘോഷം. സേതു ലക്ഷ്മിബായിയുടെ ചെറുമകൾ ഡോ. ലക്ഷ്മി രഘുനന്ദൻ ഉദ്ഘാടനം ചെയ്തു. ക്ഷേമസഭ പ്രസിഡന്റ് എ.സി. ഗോദവർമ അദ്ധ്യക്ഷത വഹിച്ചു. ഡോ. വി.ആർ. പ്രബോധചന്ദ്രൻനായർ അനുസ്മരണ പ്രഭാഷണം നടത്തി. റീജന്റ് സേതു ലക്ഷ്മിബായി സാഹിത്യപുരസ്കാരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ചരിത്രകാരിയായ ആർ. ഉമാമഹേശ്വരിക്ക് ഡോ. ലക്ഷ്മി രഘുനന്ദൻ സമ്മാനിച്ചു. എം. രവിവർമരാജ, കെ.എൽ. ശ്രീകൃഷ്ണദാസ്, ആർ. രാമവർമ്മ, അജയവർമ രാജ എന്നിവർ പ്രസംഗിച്ചു. അജയ്കുമാർ വർമയും സംഘവും അനുസ്മരണഗീതം അവതരിപ്പിച്ചു. ഇന്ത്യൻ ജുഡിഷ്യറിയിലെ വെല്ലുവിളികൾ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ ജസ്റ്റിസ് കെമാൽ പാഷ, ഡോ. എം.ആർ. തമ്പാൻ എന്നിവരും തിരുവിതാംകൂറിന്റെ ചരിത്രം എന്ന വിഷയത്തിലെ സെമിനാറിൽ വിദ്യാസാഗർ ഗുരുമൂർത്തി, ഡോ. ഗോപകുമാരൻനായർ എന്നിവരും പ്രബന്ധം അവതരിപ്പിച്ചു. തുടർന്ന് തിരുവാതിരക്കളിയും കേരളനടനവും അരങ്ങേറി.