kovalam

കോവളം: ദിനങ്ങൾ കഴിയുന്തോറും വികസനക്കുതിപ്പിലേറുന്ന വിഴിഞ്ഞത്തിന്റെ വൈദ്യുതി ഉപഭോഗത്തെപ്പറ്റിയുള്ള പരാധീനതകൾക്ക് പരിഹാരമായി പുതിയ സബ് സ്റ്റേഷൻ സ്ഥാപിക്കുന്നു. വരുംകാലങ്ങളിൽ വിഴിഞ്ഞം പോർട്ട് പ്രവർത്തന സജ്ജമാകുന്നതോടെ വിഴിഞ്ഞം അടിമുടി മാറുമെന്നത് ഉറപ്പാണ്. ഇതോടെ വൈദ്യുതി ഉപഭോഗത്തിലും വിതരണത്തിൽ മാറ്റം വരുമെന്നത് തീർച്ച. ഈ യാഥാർത്ഥ്യം മനസിലാക്കിയാണ് വിഴിഞ്ഞത്ത് പുതിയ 220 കെ.വി സബ് സ്റ്റേഷൻ സ്ഥാപിക്കാനൊരുങ്ങുന്നത്.

ആഴാകുളത്താണ് 220 കെ.വി സബ് സ്റ്റേഷൻ വരുന്നത്. പരുത്തിപ്പാറ 110 കെ.വി സബ്‌സ്റ്റേഷനിൽ നിന്നുള്ള 26 കിലോമീറ്റർ ദൈർഘ്യമുള്ള 66 കെ.വി പ്രസരണ ലൈനിൽ കൂടിയാണ് സബ്‌സ്റ്റേഷനിൽ ഇപ്പോൾ വൈദ്യുതി എത്തിക്കുന്നത്. നിലവിൽ രണ്ട് 10 എം.വി.എയും ഒരു 4 എം.വി.എയും ശേഷി വീതമുള്ള മൂന്ന് ട്രാൻസ്‌ഫോർമറുകൾ ആണ് ഇവിടെയുള്ളത്.

വിഴിഞ്ഞം, കോവളം, വെങ്ങാനൂർ, പെരിങ്ങമ്മല, കല്ലിയൂർ, കോട്ടുകാൽ, വാഴമുട്ടം, തിരുവല്ലം, മുക്കോല, ഉച്ചക്കട എന്നീ പ്രദേശങ്ങളിലേക്ക് എട്ട് 11 കെ.വി ലൈനുകൾ വഴി ഈ സബ്‌സ്റ്റേഷനിൽ നിന്നാണ് വൈദ്യുതി വിതരണം ചെയ്യുന്നത്. മാറുന്ന വിഴിഞ്ഞത്തിന് ഏറെ അനുഗ്രഹമാകും ഈ പുതിയ സബ് സ്റ്റേഷൻ എന്നാണ് വ്യാപാരികളും വ്യവസായികളും പറയുന്നത്.