തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ നടക്കുന്ന മുറജപത്തിന്റെ നാലാംമുറ ഇന്നലെ സമാപിച്ചു. എട്ടുദിവസം കൂടുന്ന മൂന്നുമുറകൾ കൂടി കഴിയുന്ന ദിവസം ക്ഷേത്രം ലക്ഷദീപ പ്രഭയിൽ മുങ്ങും.മകരസംക്രാന്തി ദിവസമായ ജനുവരി 15ന് വൈകിട്ടാണ് ലക്ഷദീപം. മുറജപത്തിന്റെ നാലാംഘട്ടം ഇന്നലെ രാത്രി പൊന്നും ശീവേലിയോടെ സമാപിച്ചു. സ്വർണനിർമ്മിതമായ പല്ലക്ക് വാഹനത്തിലാണ് ശീവേലിക്കായി ശ്രീപദ്മനാഭസ്വാമിയുടെ വിഗ്രഹം എഴുന്നള്ളിച്ചത്. രാത്രി 8.15ന് വെള്ളിവാഹനത്തിൽ തെക്കേടത്ത് നരസിംഹമൂർത്തിയെയും എഴുന്നള്ളിച്ചു.തെക്കേ ശീവേലിപ്പുരയിൽ നിന്ന് മുകളിൽ പെരുമ്പറ കെട്ടിയ ആന വിളംബരം അറിയിച്ച് ആദ്യം നീങ്ങി. രാജകുടുംബത്തിലെ ക്ഷേത്രം സ്ഥാനി മൂലം തിരുനാൾ രാമവർമ്മ വിഗ്രഹങ്ങൾക്ക് അകമ്പടി പോയി. മുറജപത്തിൽ പങ്കെടുക്കുന്ന വൈദികരും ഭക്തരും എഴുന്നള്ളത്തിന് പിന്നാലെ മന്ത്രജപവുമായി നീങ്ങി. പടിഞ്ഞാറെ നടയിലെത്തിയപ്പോൾ തിരുവാമ്പാടി ശ്രീകൃഷ്ണസ്വാമിയെ ഒപ്പം എഴുന്നള്ളിച്ചു. ആദ്യത്തെ പ്രദക്ഷിണത്തിൽ പടിഞ്ഞാറേ നടയിൽ പ്രത്യേകപൂജയും ദീപാരാധനയും നടന്നു. മൂന്ന് പ്രദക്ഷിണത്തോടെ ശീവേലി സമാപിച്ചു. ഇന്ന് ആരംഭിക്കുന്ന അഞ്ചാംമുറ 30ന് സമാപിക്കും. മുറജപത്തോടനുബന്ധിച്ചുള്ള 12ദിവസത്തെ കളഭം തന്ത്രി തരണനല്ലൂർ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ 28ന് തുടങ്ങും. ജനുവരി 8ന് പ്രത്യേക കളഭാഭിഷേകം നടക്കും. തുടർന്ന് വർഷം തോറും പതിവുള്ള മാർകഴി കളഭം ആരംഭിക്കും.