തിരുവനന്തപുരം: ശബരി പാതയ്‌ക്കുള്ള സ്ഥലമേറ്റെടുപ്പ് ഈ സാമ്പത്തിക വർഷം പൂർത്തിയാക്കാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞില്ലെങ്കിൽ പദ്ധതി മരവിപ്പിക്കാൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചു. വർഷം കഴിയുന്തോറും പദ്ധതി തുക വർദ്ധിക്കുന്നതാണ് കാരണം. മരവിപ്പിച്ചു കഴിഞ്ഞാൽ ഫലത്തിൽ പദ്ധതി ഉപേക്ഷിച്ചതിന് തുല്യമാകും.
ശബരി പാതയ്ക്ക് കഴിഞ്ഞ 21 വർഷത്തിനിടെ അങ്കമാലി മുതൽ കാലടി വരയുള്ള എട്ടു കിലോമീറ്റർ മാത്രമാണ് ഇതുവരെ ഏറ്റെടുത്തിട്ടുള്ളത്. 1997 - 98ൽ പ്രഖ്യാപിച്ചപ്പോൾ 517 കോടിയായിരുന്ന പദ്ധതിച്ചെലവ് ഇപ്പോൾ 2,815 കോടിയാണ്. ഇതിൽ 1,407.5 കോടി സംസ്ഥാനം കണ്ടെത്തണം. സ്ഥലമേറ്റെടുപ്പിനുള്ള തുക ഉൾപ്പെടെയാണ് സംസ്ഥാന വിഹിതം. പദ്ധതി പ്രഖ്യാപിച്ച വർഷം സ്ഥലമേറ്റെടുത്തിരുന്നെങ്കിൽ 258.5 കോടിയേ ചെലവാകുമായിരുന്നുള്ളൂ. പ്രധാനമന്ത്രിയുടെ 'പ്രഗതി" പദ്ധതിയിലാണ് ശബരി പദ്ധതി ഉൾപ്പെടുത്തിയിട്ടുള്ളത്.
ഭൂമി കിട്ടുന്ന മുറയ്‌ക്ക് പദ്ധതി ഏറ്റെടുക്കുമെന്ന് സംസ്ഥാന സർക്കാരിനെ ഒക്ടോബറിൽ കേന്ദ്രം അറിയിച്ചിരുന്നു. ഭൂമി നൽകിയാൽ സംസ്ഥാനത്തിന്റെ പദ്ധതിച്ചെലവ് കുറയും.ഇപപോൾ 900 കോടിയാണ് ഭൂമിയേറ്റെടുക്കലിന് ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ പരോഗതിയനുസരിച്ച് ബാക്കിയുള്ള 507 കോടി രൂപ അഞ്ച് വർഷം കൊണ്ടു നൽകിയാൽ മതി. കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഭൂമി നൽകിയത് സംസ്ഥാന വിഹിതമായി റെയിൽവേ കണക്കാക്കിയിരുന്നു. പാതയുടെ നിർമ്മാണത്തിൽ കിഫ്ബി വഴി പങ്കാളിയാവാൻ സംസ്ഥാന സർക്കാർ ആലോചിച്ചെങ്കിലും തീരുമാനമായിട്ടില്ല.
അതിനിടെ ,പദ്ധതിയുടെ അലൈൻമെന്റും പലവട്ടം മാറ്റിയിരുന്നു. 2013ൽ തയ്യാറാക്കിയ അലൈൻമെന്റുമായാണ് മുന്നോട്ടു പോകുന്നത്. ഇതിന്റെ വീതി കുറയ്‌ക്കണമെന്നും ആവശ്യമുണ്ടായിരുന്നു. ശബരി പാത കടന്നുപോകുന്ന പ്രദേശങ്ങളിലെ തദ്ദേശ സ്ഥാപനങ്ങളും പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു.
ശബരി പാത ഇങ്ങനെ
അങ്കമാലി മുതൽ എരുമേലി വരെ 115 കിലോമീറ്റർ
പദ്ധതിക്കായി ഏറ്റെടുക്കാൻ ശേഷിക്കുന്ന ദൂരം 107 കി.മീ
റോഡ് മുറിച്ചു കടക്കാതിരിക്കാൻ 52 മേൽപ്പാലങ്ങൾ
പെരുമ്പാവൂർ, കോതമംഗലം, മൂവാറ്റുപുഴ, തൊടുപുഴ, പാലാ വഴി പാത എരുമേലിയിലെത്തും
പദ്ധതി യാഥാർത്ഥ്യമായാൽ ഇടുക്കിയിലും ട്രെയിനെത്തും
പ്രയോജനം
ശബരിമല തീർത്ഥാടകർക്ക് ട്രെയിനിൽ എരുമേലിയിലെത്താം
കാർഷിക - വ്യവസായ മേഖലകൾക്ക് നേട്ടം