chennithala

തിരുവനന്തപുരം: ക്രിസ്മസ് കാലത്തെ രൂക്ഷമായ വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. വിപണിനിയന്ത്രിക്കേണ്ട സിവിൽ സപ്ളൈസ് കോർപറേഷന്റെ മാവേലി സ്റ്റോറുകളിൽ സാധനങ്ങളെത്തുന്നില്ല. റേഷൻ കടകളിലും ഒന്നുമില്ല. പച്ചരിയും പുഴുക്കലരിയും ഇത്തവണ റേഷൻകടകളിലെത്തിച്ചിട്ടില്ല.കാർഡുടമകൾക്ക് ക്രിസ്മസ് സ്പെഷ്യൽ പഞ്ചസാരയും നൽകിയില്ല.
പച്ചക്കറികൾക്ക് വിപണിയിൽ പൊള്ളുന്ന വിലയാണ്. വറ്റൽ മുളക് ഒരാഴ്ച കൊണ്ട് കിലോയ്ക്ക് 22 രൂപയാണ് കൂടിയത്. ബിറ്റ്റൂട്ട് കിലോയ്ക്ക് 25 രൂപ കൂടി. 20 രൂപയുണ്ടായിരുന്ന കത്തിരിക്ക രണ്ട് ദിവസം കൊണ്ട് 40 രൂപയിലെത്തി. വലിയ പയറിനും മൂന്ന് ദിവസങ്ങൾ കൊണ്ട് കിലോയ്ക്ക് കൂടിയത് 24 രൂപയാണ്. സവാള കിലോയ്ക്ക് 150 രൂപ കടന്നു. ഉഴുന്ന് പരിപ്പ് കിലോയ്ക്ക് 105ൽ നിന്ന് ഒരാഴ്ചകൊണ്ട് 150 രൂപയിലെത്തി. സാമ്പാർ പരിപ്പിനും വില കിലോയ്ക്ക് 20 രൂപ വർദ്ധിച്ചു. ചമ്പാവരിക്ക് കിലോയ്ക്ക് പത്ത് രൂപയാണ് ഒരാഴ്ച കൊണ്ട് വർദ്ധിച്ചത്. വിലക്കയറ്റം ഇത്തരത്തിൽ രൂക്ഷമായി തുടരുമ്പോഴും സർക്കാർ വിപണിയിൽ ഇടപെടൽ നടത്താത്തത് വലിയ വീഴ്ചയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.