തിരുവനന്തപുരം: പാച്ചല്ലൂർ (ചുടുകാട്) ശ്രീഭദ്രകാളി ദേവീക്ഷേത്രത്തിൽ ഭക്തജനങ്ങളുടെ നേർച്ചയ്ക്കായി 27ന് വൈകിട്ട് 6ന് ലക്ഷദീപം നടക്കും. മഹേശ്വരം ശിവപാർവതി ക്ഷേത്രം മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി ആദ്യ ദീപം തെളിക്കും. തുടർന്ന് ദേവസ്വം ചെയർമാൻ കെ. അപ്പുക്കുട്ടന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ലക്ഷദീപ യജ്ഞ മഹാസമ്മേളനം സ്വാമി മഹേശ്വരാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും. എം.എൽ.എമാരായ ഒ. രാജഗോപാൽ, വി.കെ. പ്രശാന്ത്, എം. വിൻസെന്റ് എന്നിവർ മുഖ്യപ്രഭാഷണം നടത്തും. ഉത്സവ കമ്മിറ്റി കൺവീനർ എസ്. ഉദയരാജ് സ്വാഗതവും ദേവസ്വം കൺവീനർ ഡി. സിജോയ് നന്ദിയും പറയും. ലക്ഷദീപത്തിന് മുന്നോടിയായി 25ന് ക്ഷേത്രമേൽശാന്തിയുടെ നേതൃത്വത്തിൽ സമൂഹ ലക്ഷാർച്ചനയും 27ന് ശത കലശാഭിഷേകവും നടത്തും. എല്ലാ ഭക്തജനങ്ങളും പൂജകളിൽ പങ്കെടുക്കണമെന്ന് ചെയർമാൻ കെ. അപ്പുക്കുട്ടൻ, കൺവീനർ ഡി. സിജോയ് ഉത്സവകമ്മിറ്റി കൺവീനർ എസ്. ഉദയരാജ് എന്നിവർ അറിയിച്ചു.