രാമചന്ദ്രബാബുവിന് മലയാളത്തിന്റെ യാത്രാമൊഴി
തിരുവനന്തപുരം: സെല്ലുലോയ്ഡിൽ രാമചന്ദ്രബാബു എന്ന വലിയ ഫ്രെയിമിനു മീതെ ഇരുൾ മൂടി. ശനിയാഴ്ച കോഴിക്കോട്ട് അന്തരിച്ച പ്രശസ്ത ഛായാഗ്രാഹകൻ രാമചന്ദ്രബാബുവിന് തലസ്ഥാനത്ത് സാംസ്കാരിക കേരളത്തിന്റെ യാത്രാമൊഴി. പേട്ടയിലെ വസതിയിലും, ഭൗതികദേഹം പൊതുദർശനത്തിനു വച്ച കലാഭവൻ തിയേറ്ററിലും സാംസ്‌കാരിക, രാഷ്ട്രീയ, കലാരംഗങ്ങളിലെ പ്രമുഖരും വെള്ളിത്തിരയിൽ രാമചന്ദ്രബാബു എഴുതിയിട്ട കാഴ്ചകളെ സ്നേഹിച്ചവരും ഉൾപ്പെടെ ജീവിതത്തിന്റെ എല്ലാ വഴികളിൽ നിന്നുമുള്ളവർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. തൈക്കാട് ശാന്തി കവാടത്തിൽ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.
ശനിയാഴ്ച വൈകിട്ട് കോഴിക്കോട്ട് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച രാമചന്ദ്രബാബുവിന്റെ മൃതദേഹം ഇന്നലെ രാവിലെയാണ് പേട്ടയിലെ വസതിയിൽ എത്തിച്ചത്. സിനിമാ രംഗത്തെ പ്രമുഖരടക്കം ഇവിടെ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. ഉച്ചയ്ക്ക് ഒന്നരയോടെ ഭൗതികദേഹം കലാഭവൻ തിയേറ്ററിൽ പൊതുദർശനത്തിനെത്തിച്ചു. സാസ്കാരിക വകുപ്പു മന്ത്രി എ.കെ. ബാലൻ, ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ. കരുൺ, ചലച്ചിത്ര അക്കാഡമി ചെയർമാൻ കമൽ, സംവിധായകരായ ജയരാജ്, ടി.വി. ചന്ദ്രൻ, എഡിറ്റർ ബീനാ പോൾ, ഛായാഗ്രാഹരായ വേണു, വിപിൻ മോഹൻ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു. കലാഭവനിലെ പൊതുദർശനത്തിന് ശേഷം മൂന്നോടെ മൃതദേഹം തൈക്കാട് ശാന്തികവാടത്തിലെത്തിച്ചു. മക്കളായ അഭിഷേക്, അഭിലാഷ് എന്നിവർ അന്ത്യ കർമ്മങ്ങൾ നടത്തി.
പുതിയ സിനിമയുടെ ചർച്ചകൾക്കായി ശനിയാഴ്ചയാണ് രാചന്ദ്രബാബു സുഹൃത്തുക്കൾക്കൊപ്പം കോഴിക്കോട്ടെത്തിയത്. രാചന്ദ്രബാബുവിന്റെ ആദ്യ സംവിധാന സംരംഭമായ, ദിലീപ് നായകനായ 'പ്രൊഫ. ഡിങ്ക'ന്റെ ചിത്രീകരണം അവസാന ഘട്ടത്തിലെത്തിയിരുന്നു. അറബിക് ഉൾപ്പെടെ വിവിധ ഭാഷകളിലായി 130-ലേറെ സിനിമകളുടെ ഛായാഗ്രാഹകനായിരുന്ന രാമചന്ദ്ര ബാബു, നാലുതവണ മികച്ച ഛായാഗ്രാഹകനുളള സംസ്ഥാന പുരസ്‌ക്കാരം നേടി.
ജോൺ എബ്രഹാമിന്റെ ആദ്യചിത്രമായ 'വിദ്യാർത്ഥികളേ ഇതിലേ ഇതിലേ'യിൽ തുടങ്ങി മലയാളത്തിലെ പ്രമുഖ സംവിധായകരുടെയെല്ലാം പ്രിയപ്പെട്ട ക്യാമറാമാൻ ആയിരുന്ന രാമചന്ദ്രബാബുവിനെക്കുറിച്ച് 'സെല്ലുലോയ്ഡ് സ്വപ്‌നാടകൻ' എന്ന പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അന്ത്യോപചാര ചടങ്ങുകൾക്കു ശേഷം ചേർന്ന അനുസ്മരണ സമ്മേളനത്തിൽ കമൽ, ജയരാജ്, രാമചന്ദ്രബാബുവിന്റെ സഹോദരനും പ്രശസ്ത ബോളിവുഡ് ഛായാഹ്രാകനുമായ രവി കെ.ചന്ദ്രൻ, നിർമ്മാതാക്കളായ രഞ്ജിത്ത്, സനൽ തോട്ടം തുടങ്ങിയവർ പങ്കെടുത്തു.