kazhakkottam

കഴക്കൂട്ടം : സ്റ്റേഷൻ കടവിന് സമീപം ശാന്തി നഗറിൽ അനധികൃതമായി അന്യസംസ്ഥാന തൊഴിലാളികളെ പാർപ്പിച്ചിരിക്കുന്ന ക്യാമ്പുകളിൽ ജില്ലാ ലേബർ ഓഫീസർ, കഴക്കൂട്ടം അസിസ്റ്റന്റ് ലേബർ ഓഫീസർ, നഗരസഭാ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ, തുമ്പ പൊലീസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. ട്രെയിനേജ് മാലിന്യം പൊട്ടിഒഴുകുന്ന സ്ഥലത്ത് തൊഴിലാളികളെ പാർപ്പിച്ചിരിക്കുന്നതായി കണ്ടെത്തി. ഇരുന്നൂറോളം തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് ആകെ മൂന്ന് ശൗചാലയങ്ങൾ മാത്രമാണുള്ളത്. വാർഡ് കൗൺസിലർ പ്രതിഭാജയകുമാർ നൽകിയ പരാതിയെ തുടർന്നാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. ഇവിടെ അനധികൃതമായി പുകയില വില്പന നടത്തുന്നതും സംഘം കണ്ടെത്തി. ജില്ലാ ലേബർ ഓഫീസർ കൃഷ്ണകുമാർ, നഗരസഭാ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായ അജയൻ, അനിൽ, തുമ്പ അഡിഷണൽ എസ്.ഐ സജു എന്നിവരും പരിശോധനയ്ക്ക് നേതൃത്വം നൽകി.