നെടുമങ്ങാട്: സ്ഥലപരിമിതിയിൽ റവന്യൂ ഡിവിഷൻ ഓഫീസ് ഉൾപ്പെടെ താലൂക്ക് ആസ്ഥാനത്തെ അഞ്ച് സർക്കാർ ഓഫീസുകൾ വീർപ്പുമുട്ടുമ്പോഴും മിനി സിവിൽ സ്റ്റേഷൻ നിർമ്മിക്കാനുള്ള നടപടികൾ സ്ഥലമെടുപ്പിൽ തകിടം മറിയുന്നു. റവന്യൂ ടവറിന് മുന്നിലായി ബങ്ക് കടകൾ സ്ഥിതിചെയ്യുന്ന 20 സെന്റ് സ്ഥലം ഏറ്റെടുത്ത് പി.ഡബ്ല്യു.ഡിക്ക് കൈമാറാൻ റവന്യൂ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം. 10 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച് ഒന്നരവർഷമായിട്ടും സ്ഥലമെടുപ്പ് സംബന്ധിച്ച് ഇതുവരെ തീരുമാനമായില്ല. ബങ്ക് കടകൾ സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റി അളന്ന് തിട്ടപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് റവന്യൂ, നഗരസഭ ഉദ്യോഗസ്ഥർക്ക് പി.ഡബ്ല്യു.ഡി കത്ത് നൽകിയിട്ട് പത്ത് മാസമായി. കഴിഞ്ഞ 28ന് നഗരസഭ മുൻകൈെയെടുത്ത് കച്ചവടക്കാരെ വിളിച്ച് ചേർത്തെങ്കിലും യോഗ തീരുമാനങ്ങൾ അട്ടിമറിക്കാൻ അണിയറനീക്കം സജീവമായിട്ടുണ്ട്. 18 കടകളാണ് പൊതുസ്ഥലം കൈയേറി പ്രവർത്തിക്കുന്നത്. സൂര്യാ റോഡിലോ, പതിനൊന്നാം കല്ലിലോ പകരം സ്ഥലം കണ്ടെത്താനും ധാരണയായിട്ടുണ്ട്. എന്നാൽ ഇതിനെതിരെ ഒരുവിഭാഗം രംഗത്തുവന്നതാണ് സ്ഥലമെടുപ്പ് കീറാമുട്ടിയാക്കിയത്.
ഇടനാഴി പാർക്കിംഗിന് ഉപയോഗിക്കാം
പരിമിതികളുള്ള ഇപ്പോഴത്തെ റവന്യൂ ടവറിന്റെ മുൻവശത്താണ് മിനി സിവിൽ സ്റ്റേഷനുവേണ്ടി സ്ഥലം നിശ്ചയിച്ചിട്ടുള്ളത്. വാളിക്കോട്ട് വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന റവന്യൂ ഡിവിഷൻ ഓഫീസിനും റവന്യൂടവറിൽ അസൗകര്യങ്ങൾക്ക് നടുവിൽ പ്രവർത്തിക്കുന്ന താലൂക്ക് ഓഫീസിനും ജോയിന്റ് ആർ.ടി ഓഫീസിനും പുതിയ മന്ദിരം പ്രയോജനപ്പെടും. ടവറിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന താലൂക്ക് ഓഫീസും നാലാം നിലയിലെ ജോയിന്റ് ആർ.ടി.ഓഫീസും അഞ്ചാം നിലയിലെ ഇലക്‌ഷൻ വിഭാഗം ഓഫീസും റവന്യൂ റിക്കവറി ഓഫീസും സിവിൽ സ്റ്റേഷൻ മന്ദിരത്തിൽ ക്രമീകരിക്കാനുമാകും. പുതിയ മന്ദിരത്തിന്റെ വരവോടെ കച്ചേരിനടയിലെ ഗതാഗതകുരുക്കിനും വാഹന പാർക്കിംഗിനും പരിഹാരം കണ്ടെത്താൻ സാധിക്കും. രണ്ടു ടവറുകളുടെയും ഇടനാഴി പാർക്കിംഗിന് ഉപയോഗിക്കാൻ കഴിയുംവിധമാണ് മിനി സിവിൽസ്റ്റേഷന്റെ രൂപ രേഖ. സിവിൽ സ്റ്റേഷൻ നിർമ്മാണത്തിന് സൗകര്യപ്രദമായ സ്ഥലമില്ലെന്ന പേരിൽ പദ്ധതി ഉപേക്ഷിക്കാൻ നീക്കം നടക്കവേ, റവന്യൂ ടവറിനുമുന്നിൽ അന്യാധീനപ്പെടുന്ന 20 സ്ഥലം സംബന്ധിച്ച് കഴിഞ്ഞ വർഷം നവംബർ 29ന് ' കണ്മുന്നിലുണ്ട്, കാണുന്നില്ല ' എന്ന തലക്കെട്ടിൽ ' കേരളകൗമുദി ' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.