bharatheeyam

വെള്ളറട : ജീവകാരുണ്യ- കലാ സാംസ്കാരിക വിദ്യാഭ്യാസ, തൊഴിൽ, കുടുംബ സഹായം തുടങ്ങിയ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന് മാതൃകയായ ഭാരതീയം ട്രസ്റ്റിന്റെ നേതൃത്വത്തിൽ ജില്ലയിലെ മൂന്ന് യുവതികൾ മംഗല്യവതികളായി. പാച്ചല്ലൂർ പനത്തുറ ജി.ജി. കോളനിയിൽ മണിയൻ -പത്മിനി ദമ്പതികളുടെ മകൾ വിദ്യയും തിരുവല്ലം വാറുവിള വീട്ടിൽ ഗോപി -ലത ദമ്പതികളുടെ മകൻ ജിജിൻ ഗോപിയും തമ്മിലും കുന്നത്തുകാൽ അരുവിയോട് മനോഹരൻ- ജയകുമാരി ദമ്പതികളുടെ മകൻ മനോജും കാരക്കോണം സ്വദേശികളായ സെൽവരാജ്- അമ്മിണി ദമ്പതികളുടെ മകൾ ജെനിയും തമ്മിലും പന്ത ഉലയൻകോണം ചന്ദ്രൻ -ഗിരിജ ദമ്പതികളുടെ മകൾ ജയശ്രീയും ആടുവള്ളി ഉദയകുമാർ - ഉഷ ദമ്പതികളുടെ മകൻ വിഷ്ണുവും തമ്മിലുള്ള വിവാഹങ്ങളാണ് നടന്നത്.

സെന്റ് മേരീസ് എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ സാമ്പത്തിക സഹായത്തോടെ പാലിയോട് എസ്.എസ് ഓഡിറ്റോറിയത്തിൽ നടന്ന സമൂഹ വിവാഹത്തിൽ വിശിഷ്ട വ്യക്തികൾ സാക്ഷ്യം വഹിച്ചു. ഭാരതീയം ട്രസ്റ്റ് ചെയർമാൻ കരമന ജയൻ സ്വാഗതം ആശംസിച്ചു. കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ, ബിഷപ്പ് ഡോ. ധർമ്മരാജ് റസാലം, ശിവഗിരി മഠം ട്രസ്റ്റി സ്വാമി വിദ്യാനന്ദ, ബാലരാമപുരം ഇമാം അബ്ദുൾസലീം മൗലവി, ഒ. രാജഗോപാൽ എം.എൽ.എ, സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂർ, മുൻ എൽ.എ എ.ടി.ജോർജ്, സെന്റ് മേരീസ് എഡ്യൂക്കേഷണൽ സൊസൈറ്റി സെക്രട്ടറി സുരേഷ് എബ്രഹാം, കെ.പി.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പി.വി. വാവ, പി.എം.എസ്.എസ് സംസ്ഥാന പ്രസിഡന്റ് അപ്പു ജപമണി തുടങ്ങിയവർ പങ്കെടുത്തു. ട്രസ്റ്റ് ജനറൽ സെക്രട്ടറി എസ്.വി. മോഹൻകുമാർ നന്ദി പറഞ്ഞു. സെന്റ് മേരീസ് എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന കുടുംബ സുരക്ഷാപദ്ധതി പ്രകാരം ഓരോ പെൺകുട്ടിക്കും ആഭരങ്ങളും വസ്ത്രങ്ങളും പ്രതിമാസം 2000 രൂപ വരുമാനം ലഭിക്കുന്നതും മൂന്നുവർഷം തികയുമ്പോൾ മൂന്നര ലക്ഷം രൂപ ലഭിക്കുന്ന ബാങ്ക് എഫ്.ഡി യും നടപ്പിലാക്കിയിട്ടുണ്ട്.