തിരുവനന്തപുരം:അടിസ്ഥാന സൗകര്യവികസന മേഖലയിൽ കിഫ്ബിയുണ്ടാക്കുന്ന കുതിപ്പ് വിളിച്ചോതി മൂന്ന് ദിവസത്തെ കേരളനിർമ്മിതി പ്രദർശന ബോധവൽക്കരണ പരിപാടി സമാപിച്ചു.
തൈക്കാട് പൊലീസ് ഗ്രൗണ്ടിൽ ജില്ലയിലെ കിഫ്ബി പദ്ധതിയുടെ അവലോകനവും വിശദീകരണവുമാണ് ഇന്നലെ നടന്നത്. ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക്ക്, കിഫ്ബി സി.ഇ.ഒ ഡോ.കെ.എം. എബ്രഹാം ,എം.എൽ.എമാരായ വി.എസ്. ശിവകുമാർ, ഐ.ബി. സതീഷ്, സി. ദിവാകരൻ, വി.കെ.പ്രശാന്ത് തുടങ്ങിയവർ പങ്കെടുത്തു.
ജില്ലയിൽ നാൽപതിലേറെ വികസന പദ്ധതികളാണ് കിഫ്ബി സഹായത്തോടെ നടപ്പാക്കുന്നത്. ഇതിന് പുറമെ സംസ്ഥാനതല വികസന പദ്ധതികളുമുണ്ട്. നഗരത്തിൽ പാർവ്വതി പുത്തനാറിന്റെ വികസനം, ശ്രീകാര്യം,പട്ടം,ഉള്ളൂർ മേൽപാലങ്ങൾ, പൂന്തുറ- വലിയതുറ പ്രദേശങ്ങളിലെ കടൽതീര സംരക്ഷണം, ,ജില്ലയിലെ സ്കൂളുകൾ ഹൈടെക്കായി മാറ്റൽ, ,ഫിഷ് മാർക്കറ്റ് വികസനം,കാഞ്ഞിരംകുളം, മലയിൻകീഴ് റോഡ് നിർമ്മാണം, വട്ടിയൂർക്കാവ് ഗവ.പോളി വികസനം,നൈപുണ്യവികസന കേന്ദ്രങ്ങളുടെ നിർമ്മാണം,വെഞ്ഞാറമൂട് റിംഗ് റോഡ് നിർമ്മാണം,വിഴിഞ്ഞത്ത് ജി.ഐ.എസ്,നെയ്യാറ്റിൻകര - മുള്ളറവിള റോഡ് പാലം നിർമ്മാണം,പാലോട് - വിതുര- ആര്യനാട് ഹൈവേ വികസനം, പെരിങ്ങമല - വിതുര റോഡ്, നയ്യാർ ഡാം റോഡ്, വെഞ്ഞാറമൂടിൽ ഫ്ളൈ ഒാവർ, തോമസ് സെബാസ്റ്റ്യൻ ഇൻഡോർ സ്റ്റേഡിയം, മേനംകുളം കായിക കേന്ദ്രം വികസനം തുടങ്ങി നിരവധി പദ്ധതികളാണ് തിരുവനന്തപുരത്ത് തുടക്കമിട്ടത്. ഇതിന്റെ ഗുണനിലവാരം ഉറപ്പാക്കാനുള്ള കിഫ്ബി ശ്രമങ്ങളെയും സമയബന്ധിതമായി പൂർത്തിയാക്കാനും എം.എൽ.എമാർ സഹായിക്കണമെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു.
ജില്ലയിലെ പദ്ധതികളുടെ പ്രദർശനവും പുരോഗതിയും ഇപ്പോഴത്തെ നില വ്യക്തമാക്കുന്ന ഡാറ്റാകളും സമ്മേളനത്തിൽ പ്രദർശിപ്പിച്ചിരുന്നു. മൂന്ന് ദിവസത്തെ പ്രദർശനത്തിലുണ്ടായ വൻജനപങ്കാളിത്തം കിഫ്ബിയുടെ സ്വീകാര്യത വ്യക്തമാക്കുന്നതായിരുന്നു.വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരവും നടത്തി. സംസ്ഥാനത്ത് 45619 കോടിയുടെ 591 പദ്ധതികൾക്കാണ് കിഫ്ബി അനുമതി നൽകിയത്. ധനകാര്യവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കിഫ്ബി മുഖേന നടപ്പാക്കുന്ന പദ്ധതികളും അവയുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് സ്വീകരിക്കുന്ന നടപടികളും ജനങ്ങളെ ബോദ്ധ്യപ്പെടുത്തുകയും ഓരോ ജില്ലയിലും നടത്തുന്ന വികസനപദ്ധതികൾ അവതരിപ്പിക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം.തുടർന്ന്, ഓരോ ജില്ലയിലും കിഫ്ബി വഴി നടപ്പാക്കുന്ന പദ്ധതികളുടെ പ്രദർശനം നടത്തുമെന്ന് കിഫ്ബി സി.ഇ.ഒ ഡോ.കെ.എം.എബ്രഹാം പറഞ്ഞു.