കുഴിത്തുറ: കന്യാകുമാരി ജില്ലയിൽ അഗ്രോഫാമിന്റെ പേരിൽ എട്ടരക്കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ കേസിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റുചെയ്‌തു. നാഗർകോവിൽ വെട്ടുവന്നിമഠം സ്വദേശി പ്രവീൺ (38), വിഴുന്ധയമ്പലം സ്വദേശി സോബൻ (42), രതീഷ് (40) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. പേച്ചിപ്പാറ സ്വദേശി ദിഷാൻ ഫ്രാങ്ക്‌ളിൻ നാഗർകോവിൽ സാമ്പത്തിക കുറ്റാന്വേഷണ പൊലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഡി.എസ്.പി മുത്തുപാണ്ടിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ നടത്തിയ അനേഷണത്തിൽ പ്രവീൺ വെട്ടുവന്നിമഠത്തിൽ നടത്തിയ സൺസ്റ്റാർ അഗ്രോ ഫാം എന്ന പേരിൽ സ്ഥാപനം നടത്തിയതായി കണ്ടെത്തി. തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ നൂറോളം പരാതികൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ 10 പേർക്കെതിരെ പൊലീസ് കേസെടുത്തു.