ഫ്ളെമിംഗോയെ കീഴടക്കി ലിവർപൂൾ ഫിഫ
ക്ളബ് ലോകകപ്പ് ചാമ്പ്യന്മാർ
അധിക സമയത്ത് വിജയഗോൾ നേടിയത്
റോബർട്ടോ ഫിർമിനോ
1-0
ദോഹ : അധികസമയത്തേക്ക് കടന്ന ഫൈനൽ മത്സരത്തിന്റെ 99-ാം മിനിട്ടിൽ ബ്രസീലിയൻ താരം റോൺട്ടോ ഫിർമിനോ നേടിയ ഗോളിന് ബ്രസീലിയൻ ക്ളബ് ഫ്ളെമിംഗോയെ കീഴടക്കി ഇംഗ്ളീഷ് ക്ളബ് ലിവർപൂൾ ഫിഫ ക്ളബ് ലോകകപ്പ് സ്വന്തമാക്കി. ദോഹയിലെ ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ നിശ്ചിത സമയത്ത് നിരവധി അവസരങ്ങൾ പാഴാക്കിയ ശേഷമാണ് ലിവർപൂൾ ഇൗവർഷത്തെ തങ്ങളുടെ രണ്ടാമത്തെ മേജർ കിരീടം കൈപ്പിടിയിലൊതുക്കിയത്. ഇൗവർഷം ടോട്ടൻഹാമിനെ കീഴടക്കി യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളായതും യൂർഗൻ ക്ളോപ്പ് പരിശീലിപ്പിക്കുന്ന ലിവർപൂളായിരുന്നു.
രണ്ടാംപകുതിയുടെ തുടക്കത്തിൽ തന്നെ ഫിർമിനോയുടെ ഒരു ശ്രമം ഫ്ളെമിംഗോയുടെ പോസ്റ്റിൽ ഇടിച്ച് പാഴായിരുന്നു. ഇൻജുറി ടൈമിൽ ലിവർപൂളിന് അനുകൂലമായി നൽകിയ പെനാൽറ്റി കിക്ക് വീഡിയോ റഫറി പരിശോധിച്ച് നിരാകരിക്കുകയും ചെയ്തിരുന്നു.
. ഇതാദ്യമായാണ് ലിവർപൂൾ ക്ളബ് ലോകകപ്പ് ജേതാക്കളാകുന്നത്.
. ക്ളബ് ലോകകപ്പ് നേടുന്ന രണ്ടാമത്തെമാത്രം ഇംഗ്ളീഷ് ക്ളബാണ് ലിവർപൂൾ. 2008 ൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇൗ കിരീടം നേടിയിരുന്നു.
. കഴിഞ്ഞ 13 ക്ളബ് ലോകകപ്പുകളിൽ 12 തവണയും ജേതാക്കളായത് യൂറോപ്യൻ ക്ളബുകളായിരുന്നു.