ന്യൂഡൽഹി : ഇന്ത്യയെ ഒളിമ്പിക്സിൽ പ്രതിനിധീകരിക്കാൻ തങ്ങളിൽ ആരാണ് യോഗ്യ എന്ന വെറ്ററൻ താരം എം.സി മേരികോമിന്റെയും യുവതാരം നിഖാത്ത് സരിന്റെയും തർക്കത്തിന് ഇടി നടത്തി പരിഹാരമുണ്ടാക്കാൻ ബോക്സിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യ.
സത്യത്തിൽ ഒളിമ്പിക്സിനല്ല, ഒളിമ്പിക് യോഗ്യതാ ടൂർണമെന്റിൽ പങ്കെടുക്കാനുള്ള അവസരം തേടിയാണ് ഇരുവരും തമ്മിൽ ഏറെനാളായി തർക്കം. 51 കി.ഗ്രാം വിഭാഗത്തിലാണ് മേരികോമും നിഖാത്തും മത്സരിക്കുന്നത്. ഫെബ്രുവരിയിൽ ചൈനയിലെ വുഹാനിൽ വച്ചാണ് യോഗ്യതാ മത്സരം. നിരവധി തവണ ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയിട്ടുള്ള മേരികോമിനെ യോഗ്യതാ ടൂർണമെന്റിൽ പങ്കെടുപ്പിക്കാനായിരുന്നു ഫെഡറേഷന് താത്പര്യം. ടോക്കിയോയിൽ നടക്കുന്ന ഒളിമ്പിക്സിസിന്റെ ബ്രാൻഡ് അംബാസഡറായും മേരികോമിനെ തിരഞ്ഞെടുത്തിരിക്കുന്ന സാഹചര്യത്തിൽ യോഗ്യതാ ചാമ്പ്യൻഷിപ്പിന് അയച്ചില്ലെങ്കിൽ ഒളിമ്പിക്സിൽ പങ്കെടുപ്പിക്കാനാവില്ല. അപ്പോഴാണ് ഏഷ്യൻ ജൂനിയർ മെഡൽ നേടിയിട്ടുള്ള നിഖാത്ത് തനിക്ക് അവസരം നൽകണമെന്നും സെലക്ഷൻ ട്രയൽസ് നടത്തിയശേഷമേ മേരികോമിനെ യോഗ്യതാടൂർണമെന്റിന് അയയ്ക്കാവൂ എന്ന ആവശ്യവുമായി കേന്ദ്ര കായിക മന്ത്രിയെ ഉൾപ്പെടെ സമീപിച്ചത്. ഇതോടെ വെട്ടിലായ ഫെഡറേഷൻ മേരികോമിനെ തന്നെ ചൈനയ്ക്ക് വിടാൻ പല തന്ത്രങ്ങളും പയറ്റിയെങ്കിലും തെലങ്കാനക്കാരിയായ നിഖാത്ത് സെലക്ഷൻ ട്രയൽസ എന്ന തന്റെ ആവശ്യവുമായി വിടാതെ നിന്നു.
ഇതോടെ വരുന്ന വെള്ളി-ശനി ദിവസങ്ങളിലായി സെലക്ഷൻ ട്രയൽസ് ന്യൂഡൽഹിയിൽ നിശ്ചയിച്ചിരിക്കുകയാണ്. ബോക്സിംഗ് ഫെഡറേഷൻ ഇൗ ട്രയൽസിൽ ആദ്യ റൗണ്ടിൽ മേരികോം റിതു ഗ്രേവാളിനെയും നിഖാത്ത് ആദ്യ റൗണ്ടിൽ ജ്യോതി ഗുലിയയെയും നേരിടും. നിഖാത്തും മേരികോമും ആദ്യ റൗണ്ടിൽ വിജയിക്കുകയാണെങ്കിൽ രണ്ടാം റൗണ്ടിൽ ഇരുവരും തമ്മിൽ ഏറ്റുമുട്ടേണ്ടിവരും. ഇൗ പോരാട്ടത്തിലെ വിജയിയെ ആകും ചൈനയിലേക്ക് വിടുക.
2012 ലെ ഒളിമ്പിക് വെങ്കലമെഡൽ ജേതാവായ മേരികോമിനെ ഇടിച്ചിടാമെന്ന പ്രതീക്ഷയിലാണ് നിഖാത്ത്. എന്നാൽ സെലക്ഷൻ ട്രയൽസിൽ ഫെഡറേഷൻ കൃത്രിമം കാണിക്കാനിടയുണ്ടെന്ന ആശങ്കയും നിഖാത്തിനുണ്ട്.