4-1
മാഡ്രിഡ് : സ്പാനിഷ് ലാലിഗ ഫുട്ബാളിൽ കഴിഞ്ഞരാത്രി നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക് ഡിപോർട്ടീവോ അലാവേസിനെ തുരത്തി ബാഴ്സലോണ മൂന്ന് പോയിന്റ് ലീഡിൽ ഒന്നാംസ്ഥാനത്ത് തുടരുന്നു.
കഴിഞ്ഞയാഴ്ച നടന്ന എൽ ക്ളാസിക്കോ പോരാട്ടത്തിൽ റയൽമാഡ്രിഡുമായി ഗോൾ രഹിത സമനിലയിൽ പിരിഞ്ഞിരുന്ന ബാഴ്സലോണയ്ക്ക് വേണ്ടി അന്റോയിൻ ഗ്രീസ്‌മാൻ, അർതുറോ വിദാൽ, ലയണൽ മെസി, ലൂയിസ് സുഹരേസ് എന്നിവരാണ് സ്കോർ ചെയ്തത്. 14-ാം മിനിട്ടിലായിരുന്നു ഗ്രീസ്‌മാന്റെ ഗോൾ. 45-ാം മിനിട്ടിൽ വിദാൽ സ്കോർ ചെയ്തു. 56-ാം മിനിട്ടിൽ പെരേ പോൺസ് അലാവേസിനായി ഗോൾ നേടി. 69-ാം മിനിട്ടിലായിരുന്നു മെസിയുടെ ഗോൾ. 75-ാം മിനിട്ടിൽ പെനാൽറ്റിയിൽ നിന്ന് സുവാരേസും സ്കോർ ചെയ്തു.
ഇതോടെ ബാഴ്സലോണയ്ക്ക് 18 മത്സരങ്ങളിൽനിന്ന് 39 പോയിന്റായി. 17 മത്സരങ്ങളിൽ നിന്ന് 36 പോയിന്റുള്ള റയൽ മാഡ്രിഡാണ് രണ്ടാം സ്ഥാനത്ത്.
50
ഇൗവർഷത്തെ തന്റെ അൻപതാമത്തെ ഗോളാണ് മെസി അലാവേസിനെതിരെ നേടിയത്.
ഇംഗ്ളീഷ് പ്രിമിയർലീഗ്
ലെസ്റ്ററിനെ വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റി
3-1
ലണ്ടൻ : കഴിഞ്ഞരാത്രി നടന്ന മത്സരത്തിൽ രണ്ടാംസ്ഥാനക്കാരായ ലെസ്റ്റർ സിറ്റിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് കീഴടക്കിയ നിലവിലെ പ്രിമിയർ ലീഗ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി പോയിന്റ് പട്ടികയിലെ രണ്ടാംസ്ഥാനത്തേക്ക് അടുത്തു.
മാഞ്ചസ്റ്റർ സിറ്റിയുടെ തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ 22-ാം മിനിട്ടിൽ ജെറമി വാർഡിയിലൂടെ ലെസ്റ്റർ സിറ്റിയാണ് ആദ്യം സ്കോർ ചെയ്തത്. എന്നാൽ 30-ാം മിനിട്ടിൽ റിയാദ് മഹ്‌റേസ്, 43-ാം മിനിട്ടിൽ പെനാൽറ്റിയിൽ നിന്ന് ഇക്കേയ് ഗുൻഡോഗൻ, 69-ാം മിനിട്ടിൽ ഗബ്രിയേൽ ജീസസ് എന്നിവർ നേടിയ ഗോളുകൾക്ക് മാഞ്ചസ്റ്റർ സിറ്റി വിജയം കാണുകയായിരുന്നു.
ഇതോടെ മാഞ്ചസ്റ്റർ സിറ്റിക്ക് 18 മത്സരങ്ങളിൽ നിന്ന് 38 പോയിന്റായി. 18 മത്സരങ്ങളിൽനിന്ന് 39 പോയിന്റുള്ള ലെസ്റ്റർ സിറ്റിക്ക് പിന്നിൽ മൂന്നാം സ്ഥാനത്താണ് മാഞ്ചസ്റ്റർ സിറ്റി. 17 മത്സരങ്ങളിൽനിന്ന് 49 പോയിന്റുള്ള ലിവർപൂളാണ് ഒന്നാമത്.
കഴിഞ്ഞദിവസം നടന്ന മറ്റ് മത്സരങ്ങളിൽ വോൾവർ ഹാംപ്ടൺ 2-1ന് നോർവിച്ച് സിറ്റിയെയും ന്യൂകാസിൽ യുണൈറ്റഡ് 1-0 ത്തിന് ക്രിസ്റ്റൽ പാലസിനെയും കീഴടക്കി.