02

പോത്തൻകോട്: പാങ്ങപ്പാറ പാലത്തിന് സമീപം കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് ആറ് പേർക്ക് പരിക്ക്. കാർ യാത്രക്കാരായ നാലുപേരും സ്‌കൂട്ടർ യാത്രക്കാരായ ദമ്പതികളെയുമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവരിൽ ഗുരുതരമായി പരിക്കേറ്റ സന്തോഷ്‌കുമാർ (42 ), സുനിൽകുമാർ (46 ) എന്നിവരാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇന്നലെ രാത്രി 8.45നായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്നും കഴക്കൂട്ടം ഭാഗത്തേക്കുവന്ന കാറും കഴക്കൂട്ടം ഭാഗത്തുനിന്നും തിരുവനന്തപുരത്തേക്ക് പോയ കെ.എസ്.ആർ.ടി.സി ഫാസ്റ്റ് ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പൂർണമായി തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ കഴക്കൂട്ടം ഫയർഫോഴ്‌സ് അധികൃതർ പുറത്തെടുത്തത്. അപകടശേഷം നിയന്ത്രണംവിട്ട ബസ് മുന്നിലെ ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രക്കാരായ ദമ്പതികൾക്കും പരിക്കേറ്റു. കാറും ബസും അമിതവേഗതയിലായിരുന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു.